പത്തനംതിട്ട : ഇന്ത്യൻ ഭരണഘടനയുടെ കാതൽ ദുർബലപ്പെടാതിരിക്കാൻ ജനങ്ങൾ അതിന്റെ മൂല്യം ഉൾക്കൊണ്ട് കൂട്ടായ പ്രവർത്തനം നടത്തുക മാത്രമാണ് പോംവഴിയെന്ന് ഡോ.സുനിൽ പി ഇളയിടം പറഞ്ഞു. പത്തനംതിട്ട നഗരസഭയുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന ഭരണഘടനാ സാക്ഷരതാ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുനിൽ പി.ഇളയിടം. സ്വാതന്ത്ര്യം, സ്ഥിതി സമത്വം, സാഹോദര്യം, തുല്യനീതി, മതനിരപേക്ഷത എന്നീ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വം. അതിന് ഇളക്കം തട്ടിത്തുടങ്ങി.വ്യത്യസ്തകളെ അംഗീകരിക്കാനും അതുമായി കൈകോർക്കാനും ജനാധിപത്യം, സാഹോദര്യം, സാമൂഹ്യനീതി, സ്ഥിതി സമത്വം മതനിരപേക്ഷത എന്നീ മൂുല്യങ്ങൾ ഉയർത്തിപ്പിക്കാനും ഓരോരുത്തർക്കും സാധിക്കണം. ഓരോ വ്യക്തിയുടെ അന്തസ് കാത്ത് സംരക്ഷിക്കാൻ സാധിക്കണം. ഇല്ലെങ്കിൽ ജനാധിപത്യത്തിന് അർത്ഥമില്ലാതെയാകും. മഹത്തായ ഈ മൂല്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങളുടെ അവബോധവും കൂട്ടായ പ്രവർത്തനവുമാണ് ആവശ്യമെന്ന് സുനിൽ പി. ഇളയിടം പറഞ്ഞു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യാതിഥിയായി.വൈസ് ചെയർപേഴ്‌സൺ ആമിന ഹൈദരാലി , നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ആർ അജിത്കുമാർ എന്നിവർ സംസാരിച്ചു.