 
മല്ലപ്പള്ളി : ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിലുള്ള നൂൽനൂൽപ്പ് കേന്ദ്രം ചോർന്നൊലിക്കുന്നു. കൊറ്റനാട് പഞ്ചായത്തിലെ മഠത്തുംചാലിൽ ചെറുകോൽപുഴ - പൂവനക്കടവ് റോഡിന്റെ വശത്താണ് നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഖാദി കേന്ദ്രമുള്ളത്. 1984ൽ നിർമ്മിച്ച 3000 ചതുരശ്ര അടിയുള്ള കെട്ടിടം നനഞ്ഞുകുതിരുകയാണ്. ആസ്ബെറ്റോസ് ഷീറ്റ് മേഞ്ഞമേൽക്കൂരയിൽ നിന്ന് വെള്ളം കെട്ടിടത്തിനുള്ളിലേക്ക് ഒലിച്ചിറങ്ങുന്നു. വലിയ ഹാളും ഒരു ഒാഫീസ് മുറിയും ശുചിമുറിയുമാണ് സമുച്ചയത്തിലുള്ളത്. മഴകനത്താൽ കെട്ടിടത്തിന്റെ ഭിത്തിയിലൂടെ വെള്ളം ഉള്ളിലേക്ക് ഒഴുകിയിറങ്ങും. മേൽക്കൂരയിലെ ഷീറ്റ് തകർന്ന് മച്ചിൽ മഴവെള്ളം കെട്ടിനിന്ന് ഉള്ളിലേക്ക് 24 മണിക്കൂറും ഇറ്റിറ്റു വീഴുകയാണ്. മുറ്റമൊഴികെ കെട്ടിടത്തിന്റെ പിൻഭാഗങ്ങളിലെ സ്ഥലങ്ങളിൽ കാടുവളർന്നിരിക്കുന്നു. കെട്ടിടത്തിന് ഭീഷണിയായി ഏതുനിമിഷവും നിലംപതിക്കാവുന്ന മൂന്ന് മരങ്ങളുമുണ്ട്.
നഷ്ടമാകുന്ന പ്രതാപം
നൂൽനൂൽപ്പ് കേന്ദ്രത്തിൽ 10 വനിതാ നൂൽനൂൽപ്പുകാരും ഒരു നെയ്ത്തുകാരിയും ഇൻസ്ട്രക്ടറുമാണുള്ളത്. പൊതുഅവധി ദിവസം ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതൽ 5 വരെ ഇവിടെ നൂൽനൂൽപ്പും നെയ്ത്തും നടക്കുന്നുണ്ട്. 1990കളുടെ അവസാനം വരെ ഇവിടെ 82 ജീവനക്കാർ ഉണ്ടായിരുന്നു. 36 വർഷമായി ഇവിടെ ജോലി നോക്കുന്നവരുമുണ്ട്. മഴയത്ത് ചോർച്ചയ്ക്കനുസരിച്ച് തറികൾ മാറ്റി സ്ഥാപിച്ച് നൂൽനൂൽക്കേണ്ട ഗതികേടിലാണ് ജീവനക്കാർ. ഇതിനിടെ മറ്റൊരു നൂൽനൂൽപ്പ് കേന്ദ്രത്തിലെ തകരാറിലായ യന്ത്രങ്ങൾ ഇവിടെ തള്ളിയതോടെ ഹാളിലെ പകുതി സ്ഥലവും നഷ്ടമായി. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യം ശക്തമാണ്.