പന്തളം: പന്തളം നഗരസഭയിൽ വെള്ളിയാഴ്ച പാസാക്കിയ അജണ്ടയിൽ എൽ.ഡി.എഫ് കൗൺസിലമാർ വിയോജനക്കുറിപ്പ് നൽകി. ഭരണകക്ഷിയായ ബി.ജെ.പിയിലെ അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ പാസാക്കിയ അജണ്ടയിൽ എൽ.ഡി.എഫ് മൗനാനുവാദം നൽകിയത് ഏറെ വിവാദമായിരുന്നു. അസഭ്യം പറഞ്ഞ ചെയർപേഴ്‌സൺ സുശീല സന്തോഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി നഗരസഭ കവാടത്തിൽ സമരം നടന്നുവരികയാണ്. ഇതിനിടയിലാണ് കൗൺസിൽ യോഗം ചെയർപേഴ്‌സൺ വിളിച്ചുകൂട്ടിയത്.പി.എം.എ.വൈ. ഒൻപതാം ഡി.പി.ആറും കടയ്ക്കാട് മത്സ്യച്ചന്തയുടെ അനുമതി പിൻവലിച്ചതും ചർച്ചചെയ്യാനാണ് യോഗം ചേർന്നത്. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ കെ വി പ്രഭ ഉൾപ്പെടെ ആറ് കൗൺസിലർമാർ വിട്ടുനിന്ന യോഗത്തിൽ യു.ഡി.എഫിലെ അഞ്ച് കൗൺസിലർമാരും വിയോജനക്കുറിപ്പ് നൽകി. എന്നാൽ എൽ.ഡി.എഫിലെ ഒൻപത് കൗൺസിൽമാരും മൗനം പാലിച്ചു. നാടിനെ പുതുതായി ബാധിക്കുന്ന അജണ്ട ആയതുകൊണ്ടാണ് യോഗ തീരുമാനത്തിനൊപ്പം നിന്നത് എന്നതായിരുന്നു നിലപാട്. പിന്നീട് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ വിയോജനക്കുറിപ്പ് നൽകിയത്.