പന്തളം : പന്തളത്ത് എസ്.എഫ്.ഐ, എ.ബി.വി.പി നേതാക്കളുടെ വീടുകൾക്ക് നേരെ കല്ലേറ്, എസ്.എഫ് .ഐ ജില്ലാ കമ്മിറ്റി അംഗവും പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ പന്തളം, കടയ്ക്കാട് എ.എം ഹൗസിൽ സൽമാൻ സക്കീറിന്റെയും, പന്തളം എൻ.എസ്.എസ് കോളേജിലെ എ.ബി.വി.പി യൂണിറ്റ് പ്രസിഡന്റ് പന്തളം ,തോന്നല്ലൂർ പട്ടതോട്ടിൽ ഗീതാഞ്ജലിയിൽ കൃഷ്ണ പ്രസാദ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് അക്രമം ഉണ്ടായത്.വെള്ളിയാഴ്ച രാത്രി 12.15ന് സൽമാൻ സക്കീറിന്റെ വീട്ടിന്റെ മുകളിൽത്തെ നിലയിലെ ജനാല ചില്ലുകൾ ആക്രമത്തിൽ തകർന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വീടിന് നേരെ ആക്രമണം നടത്തിയതെന്നാണ് ആരോപണം. പിന്നീട് രാത്രി 1.30 തോടെ കൃഷ്ണപ്രസാദിന്റെ വീടിന് നേരെയും അക്രമമുണ്ടായി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പന്തളം എൻ.എസ് എസ് കോളേജിൽ പുതിയതായി എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാൻ ഇരു വിദ്യാർത്ഥി സംഘടനകളും ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിരുന്നു. ഇതിനെ ചൊല്ലി എസ്.എഫ് .ഐ എ.ബി.വി.പി പ്രവർത്തകർ തമ്മിൽ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പിന്നീടാണ് രാത്രിയോടെ നേതാക്കളുടെ വീടുകൾക്ക് നേരെ കല്ലേറുണ്ടായത്. സൽമാൻ സക്കീറിന്റെ വീടിനു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ആർ.എസ് എസ് ആണന്ന് എസ് .എഫ് .ഐ പന്തളം ഏരിയ കമ്മിറ്റി ആരോപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.നിസാം,എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.ഷൈജു,സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ,ഏരിയ കമ്മിറ്റി അംഗങ്ങളായ എച്ച് .നവാസ്ഖാൻ,ഇ.ഫസൽ ,ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.അഭീഷ് ,പന്തളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.സന്ദീപ് എന്നിവർ സൽമാൻ സക്കീറിന്റെ വീട് സന്ദർശിച്ചു.കൃഷ്ണപ്രസാദിന്റെ വീട്ടിൽ ബി.ജെ.പി പ്രവർത്തകരും എത്തിയിരുന്നു. ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ.എസ് ശ്രീകുമാർ പറഞ്ഞു.