 
ചെങ്ങന്നൂർ: സഹായമഭ്യർത്ഥിച്ചു നിലവിളിച്ച അമ്മയുടെ കരച്ചിൽ കേട്ടെത്തിയ എക്‌സൈസ് സംഘം കുഞ്ഞിന് രക്ഷകരായി. വ്യാഴാഴ്ച രാത്രി ഒരു മണിയോടെ ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീം ഡ്യൂട്ടിയുടെ ഭാഗമായി മംഗലം കുറ്റിക്കാട്ടുപടി ജംഗ്ഷനിൽ നിന്നും കല്ലിശേരിയിലേക്ക് വരികയായിരുന്നു. ഈ സമയം റോഡിന്റെ വശത്തുള്ള വീട്ടിൽ നിന്നും അലർച്ചയും സഹായ അഭ്യർത്ഥനയും കേട്ട് എക്സൈസ് സംഘം വാഹനം നിറുത്തി അന്വേഷിച്ചപ്പോൾ മൂന്ന് വയസുള്ള കുഞ്ഞു ബോധരഹിതയായതിനെ തുടർന്ന് കുഞ്ഞിന്റെ അമ്മ വാഹനം കിട്ടാതെ ആശുപത്രിയിലെത്തിക്കാൻ സഹായമഭ്യർത്ഥിക്കുകയായിരുന്നു. സംഘം ഉടൻതന്നെ കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി എക്സൈസ് വാഹനത്തിൽ തന്നെ കുഞ്ഞിനെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ ജി.ഫെമിൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ആർ.ബിനോയി,പി.സജികുമാർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.