പത്തനംതിട്ട: ആർഭാട വിവാഹങ്ങൾ ഒഴിവാക്കി ആ തുക സാധുജനക്ഷേമത്തിന് വിനിയോഗിക്കണമെന്ന് കേരള പട്ടികജാതി ഗോത്രവർഗ കമ്മിഷൻ മുൻ ചെയർമാൻ ജഡ്ജ് പി.എൻ വിജയകുമാർ അഭിപ്രായപ്പെട്ടു. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന നിർദ്ധന കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയും വീടും ഇല്ലാതെ കുട്ടികളുടെ പഠനം നടത്താൻ നോട്ടുബുക്കുകൾ പോലും വാങ്ങാൻ നിവൃത്തിയില്ലാത്ത അനേകം പേർ ഇന്നും കേരളത്തിലുണ്ട്. അത്തരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങൾ കൂട്ടായി ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. അലങ്കാർ അഷറഫ് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. കെ.എസ്. ഇന്ദിരാമ്മ, അംബിക ലാൽ, ഷാജഹാൻ, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ശ്യാമള പൊടിയൻ, അനന്തു, പ്രകാശ് എന്നിവർ പ്രസംഗിച്ചു.