പത്തനംതിട്ട : അനധികൃത വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീയെ പൊലീസ് പിടികൂടി. അടൂർ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിള വീട്ടിൽ സുജാതയാണ് (57) അറസ്റ്റിലായത്. ഇന്നലെ രാവിലെ ഓട്ടോറിക്ഷയിൽ പത്തനാപുരത്തു നിന്ന് അടൂർ ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്ന് അറിഞ്ഞ പൊലീസ് സംഘം ചാങ്കൂർ കല്ലുവിള ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും അടൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഏറെ നാളായി സുജാത നിരീക്ഷണത്തിലായിരുന്നു. ഇവരിൽ നിന്ന് 250 ഗ്രാമിലധികം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഇവരുടെ മൂത്തമകൻ സൂര്യലാൽ അനധികൃത കഞ്ചാവു വില്പന, വധശ്രമം തുടങ്ങിയ പത്തിലധികം കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പാ നിയമ പ്രകാരം നാടുകടത്തപ്പെട്ടിരുന്നു. രണ്ടാമത്തെ മകൻ ചന്ദ്രലാൽ വധശ്രമ കേസിലുൾപ്പെട്ടയാളുമാണ്. ഇയാൾ പെൺകുട്ടിയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.