 
അടൂർ: എം.സി റോഡിൽ പുതുശേരിഭാഗത്ത് നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് തൊട്ടു മുന്നിൽപോയ ബൈക്കിലും നിറുത്തിയിട്ടിരുന്ന കാറിലും ഇടിച്ച് അപകടം. ബസ് ഡ്രൈവർക്കും കാറിലെ യാത്രക്കാരായ മൂന്നു പേർക്കും നിസാര പരിക്കേറ്റു. ഇരുചക്രവാഹനയാത്രികൻ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. കുളനടയിൽ നിന്നും പുതുശേരിഭാഗത്തു നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബമായിരുന്നു കാറിൽ. റോഡരുകിലെ റേഷൻ കടയ്ക്ക് മുന്നിൽ നിറുത്തിയിട്ട് വിവാഹ സ്ഥലം തിരക്കുന്നതിനിടയിലാണ് കാറിന്റെ പിന്നിൽ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കർ വൈദ്യുതി തൂണിൽ ഇടിച്ചു നിന്നു. ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മറിഞ്ഞെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു. വിവാഹ ചടങ്ങിൽ എത്തിയവരെ ഇറക്കിയ ശേഷം അടുരിലെത്തി ഇന്ധനം നിറച്ച ശേഷം തിരികെ വരുന്നതിനിടയിൽ ബസിന്റെ മുൻഭാഗത്തെ ഹാം ഒടിഞ്ഞതാണ് നിയന്ത്രണം വിടാൻ ഇടയാക്കിയത്.