തിരുവല്ല: വോൾട്ടേജ് വ്യതിയാനത്തെ തുടർന്ന് നിരവധി വീടുകളിൽ ഇലക്ട്രിക് ഉപകരണങ്ങൾക്ക് നാശം സംഭവിച്ചു. നെടുമ്പ്രം പഞ്ചായത്തിലെ വൈക്കത്തില്ലം, കോച്ചാരിമുക്കം, എബനേസർ, മാടോപ്പിൽ കോളനി, ഇരുമ്പനത്തിൽപ്പടി, മൂലേശേരി കോളനി, ഒറ്റത്തെങ്ങ് എന്നിവിടങ്ങളിലാണ് ഇടയ്ക്കിടെ വൈദ്യുതി മുടക്കവും വോൾട്ടേജ് വ്യതിയാനവും ഉണ്ടായത്. മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലെ പ്രദേശങ്ങളിലാണ് ഞായറാഴ്ച രാത്രിമുതൽ സംഭവം ഉണ്ടായത്. വൈദ്യുതി വ്യതിയാനം ഇന്നലെ പകലും തുടർന്നു. ഇതേതുടർന്ന് ഈ മേഖലയിലെ നിരവധി വീടുകളിലെ സി.എഫ്.എൽ വിളക്കുകൾ, ഫാനുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾക്ക് തകരാർ സംഭവിച്ചു. വോൾട്ടേജ് കുറയുകയും ഇടയ്ക്ക് അമിത വൈദ്യുതി പ്രവാഹവും ഉണ്ടായതാണ് ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമായതെന്ന് സംശയിക്കുന്നു. നാട്ടുകാർ പലതവണ പരാതിപ്പെട്ടെങ്കിലും ഇന്നലെ പകലാണ് അധികൃതർ തകരാർ കണ്ടെത്താൻ ശ്രമം തുടങ്ങിയത്. വൈദ്യുതി കമ്പികൾ പ്രദേശത്ത് എവിടെയെങ്കിലും കൂട്ടിമുട്ടിയതാകാം കാരണമെന്നാണ് അധികൃതർ പറയുന്നത്. ഉപഭോക്താക്കൾക്ക് മുടക്കം കൂടാതെ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് ഒരുവർഷം മുമ്പ് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത് തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയത്. എന്നാൽ ഇപ്പോഴും തടസമില്ലാതെ മേന്മയുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച ദിവസവും നിരവധി പരാതികളാണ് ഉയരുന്നത്.