waste
ടി.കെ റോഡിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനും കളക്റേറ്റ് കവാടത്തിനുമിടയിൽ നടപ്പാതയിൽ മാലിന്യം തള്ളിയ നിലയിൽ

പത്തനംതിട്ട: നഗരത്തിൽ തിരക്കേറിയ റോഡരികിൽ മാലിന്യം തള്ളുന്നു. സെന്റ് പീറ്റഴ്സ് ജംഗ്ഷനും കളക്ടറേറ്റ് കവാടത്തിനുമിടയിൽ ടി.കെ റോഡിലെ പ്രധാന ഭാഗത്താണ് കഴിഞ്ഞ രാത്രിയിൽ ചാക്കുകളിൽ മാലിന്യം തള്ളിയത്. മദ്യക്കുപ്പികളും ആശുപത്രി മാലിന്യവും ഭക്ഷണ പായ്ക്കറ്റുകളുടെ കവറുകളുമാണ് ചാക്കിനുള്ളിൽ. റോഡിൽ ഒരു വശത്തെ നടപ്പാതയിലും മറുവശത്തെ മരത്തിന്റെ ചുവട്ടിലുമാണ് മാലിന്യം കൊണ്ടിടുന്നത്. മരച്ചുവുട്ടിൽ പല രാത്രികളിലായി മാലിന്യം തള്ളുന്നുണ്ട്. ഇന്നലത്തെ മഴയിൽ നനഞ്ഞ മാലിന്യം വരും ദിവസങ്ങളിൽ ദുർഗന്ധത്തിന് ഇടയാക്കും. തെരുവുനായകൾ ചാക്കുകൾ വലിച്ച് റോഡിലിടുന്നുണ്ട്. വാഹനങ്ങൾ കയറി മദ്യക്കുപ്പികൾ അടക്കം പൊട്ടിച്ചിതറി. കാൽനട യാത്രികർക്ക് ഇത് അപകട ഭീഷണിയായിട്ടുണ്ട്.

അർദ്ധരാത്രിക്കുശേഷമാണ് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നതെന്ന് സൂചനയുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.