 
തിരുവല്ല: കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുമായി ഓണം ഫെസ്റ്റ് തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ മുൻസിപ്പൽ മൈതാനിയിൽ തുടങ്ങി. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് ഓണം ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. അക്വാഷോ ഉപാദ്ധ്യക്ഷൻ ജോസ് പഴയിടവും ജംഗിൾ ഷോ വാർഡ് കൗൺസിലർ ജിജി വട്ടശേരിയും സ്റ്റാളിന്റെ ഉദ്ഘാടനം മാത്യൂസ് ചാലക്കുഴിയും നിർവഹിച്ചു. ഇന്ത്യ ഗേറ്റിന്റെ മാതൃകയിലാണ് മേളയുടെ പ്രധാനകവാടം ഒരുക്കിയിട്ടുള്ളത്. അതിലൂടെ കടന്ന് അകത്തെത്തിയാൽ പിന്നെ കണ്ണിനും മനസിനും വിരുന്നാണ്. കടലിന്റെ അത്ഭുതങ്ങളിൽ വ്യത്യസ്തങ്ങളായ മത്സ്യങ്ങളുടെ കലവറയാണ് ആദ്യകാഴ്ച. കണ്ടതും കാണാത്തതുമായ മത്സ്യങ്ങളുടെ വൻശേഖരമാണ് അക്യുറിയത്തിലുള്ളത്. അക്വാഷോ കഴിഞ്ഞാൽ പിന്നെ ചെറുതും വലുതുമായ അത്ഭുത ജീവികളെ പ്രദർശിപ്പിക്കുന്ന പെറ്റ്സ് ഷോയാണ്. കിളികളുടെ കളകളാരവവും ഓമന മൃഗങ്ങളുടെയും പക്ഷികളുടെയും സൗന്ദര്യവും കാഴ്ചക്കാരെ ഇവിടേക്ക് ആകർഷിക്കുന്നു. തുടർന്ന് വന്യമൃഗങ്ങൾ നിറഞ്ഞ ഉൾവനത്തിൽ കൂടിയുള്ള സഞ്ചാരമാണ്. റോബോട്ടിക് മൃഗങ്ങളുടെ നടുവിലൂടെ ഉൾവനത്തിലൂടെയുള്ള യാത്ര ആസ്വാദ്യകരമാണ്. കൗതുക കാഴ്ചകളുടെ മാസ്മരികത വിട്ടുമാറും മുമ്പേ ഷോപ്പിംഗുകളുടെ അതിവിശാലമായ സ്റ്റാളുകളാണ് പിന്നീടുള്ളത്. ഓണം ഓഫറുകളുടെ തിളക്കത്തിൽ ഫർണിച്ചറുകൾ തുടങ്ങി ലൈഫ് സ്റ്റൈൽ ഉത്പ്പന്നങ്ങളും വീട് മോടിപിടിപ്പിക്കാനുള്ളതും മറ്റെല്ലാമായി അറുപതിലധികം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം കണ്ടിറങ്ങുമ്പോൾ രുചി വൈവിദ്ധ്യങ്ങൾ അനുഭവിച്ചറിയാൻ വിശാലമായ ഫുഡ് കോർട്ടുകളും സജ്ജമാണ്. പ്രമുഖ എക്സിബിഷൻ പ്രചാരകരായ വിവിഡ് എന്റർട്രെയിനേഴ്‌സ് അണിയിയിച്ചൊരുക്കിയ മേള സെപ്തംബർ 20വരെ തിരുവല്ലയിൽ ആസ്വദിക്കാം. ദിവസവും രാവിലെ 11മുതൽ രാത്രി 9വരെയാണ് പ്രദർശനമെന്നും അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് മേളയിലേക്ക് പ്രവേശനം സൗജന്യമാണെന്നും ഡയറക്ടർ അബു നിദാൽ, മാനേജർ ജോർജ്ജ് വില്യംസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.