
പത്തനംതിട്ട : നഗരസഭ അഞ്ചാം വാർഡിൽ കൊന്നമൂടിന് സമീപത്ത് നിന്ന് നാട്ടുകാർ പിടികൂടി വനപാലകർക്ക് കൈമാറാനിരുന്ന പെരുമ്പാമ്പിനെ കാണാതായി. പരാതിയെ തുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ പാമ്പ് ചാക്ക് തുളച്ച് കടന്നെന്നാണ് നിഗമനം.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പിടിച്ച് ചാക്കിലാക്കി മറ്റൊരു ചാക്കുകൊണ്ട് പൊതിഞ്ഞ് അതിൽ കുട്ട കമഴ്ത്തി വച്ചാണ് പെരുമ്പാമ്പിനെ സൂക്ഷിച്ചിരുന്നത്. നസറുദ്ദീൻ എന്നയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പെരുമ്പാമ്പിനെ ഞായറാഴ്ച രാവിലെ കാണാതാവുകയായിരുന്നു. കുട്ട മറിച്ചിട്ട നിലയിലും ചാക്കിൽ വലിയ തുള വീണ നിലയിലുമാണ് കണ്ടത്. ചാക്കിന് കട്ടിയുണ്ടായിരുന്നില്ല. വാല് കൊണ്ട് കുത്തി ചാക്ക് തുളച്ച് പെരുമ്പാമ്പ് ഇഴഞ്ഞുപോയ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് വനംവകുപ്പ് പറയുന്നു.
പാമ്പിനെ പിടിച്ച കാര്യം ചിത്രം ഉൾപ്പെടെ വാർഡ് കൗൺസിലർ കെ.ജാസിംകുട്ടി ഫേസ് ബുക്ക് പേജിലിട്ടതാണ് പൊല്ലാപ്പായത്. ഞായറാഴ്ച രാവിലെ പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറുമെന്നായിരുന്നു ജാസിംകുട്ടി കുറിപ്പിൽ പറഞ്ഞത്. പിടിച്ച പാമ്പിനെ വനംവകുപ്പിന് കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ റാന്നി, കോന്നി ഫോറസ്റ്റ് ഡിവിഷൻ ഒാഫീസർമാർക്ക് പരാതി നൽകി. ഇതേ തുടർന്ന് റാന്നി റേഞ്ച് ഒാഫീസിൽ നിന്നുള്ള വനപാലകർ ജാസിംകുട്ടിയുടെയും പാമ്പിനെ പിടിച്ചവരുടെയും മൊഴിയെടുത്തു. പാമ്പ് ചാക്ക് തുളച്ചു പോയെന്നാണ് അന്വേഷണ റിപ്പോർട്ട്.
വനംവകുപ്പിന് കൈമാറാനിരുന്ന
പെരുമ്പാമ്പിനെ കാണാതായി,
പാമ്പ് ചാക്ക് തുളച്ച് പോയെന്ന് റിപ്പോർട്ട്