ചെങ്ങന്നൂർ: ഡിവൈഡറിൽ റിഫ്‌ളക്ടറുകൾ സ്ഥാപിച്ചിട്ടും എം.സി റോഡിൽ മുണ്ടൻകാവ് കവലയിലെ അപകടം ഒഴിയുന്നില്ല. സന്ധ്യ കഴിഞ്ഞാൽ കവല മുതൽ സമീപത്തെ ഇറപ്പുഴ പാലം വരെയുള്ള ഭാഗങ്ങളിൽ കൂരിരുട്ടാണ്. ഇവിടെ വഴിവിളക്കുകൾ തെളിഞ്ഞിട്ട് ആഴ്ചകളായി. ഒരാഴ്ചയ്ക്കിടെ നിരവധി ഇരുചക്രവാഹനങ്ങൾ പാലത്തിന്റെ സമീപപാതയിലെ കുഴിയിൽ വീണു അപകടത്തിൽപ്പെട്ടിട്ടുണ്ട്.
ചെങ്ങന്നൂരിൽ നിന്ന് തിരുവല്ലയിലേക്കുള്ള യാത്രകളിലാണ് അപകടങ്ങളേറെയും സംഭവിക്കുന്നത്. നേരത്തെ ചെങ്ങന്നൂരിൽ നിന്നെത്തുന്ന വാഹനങ്ങൾ കവലയിലെത്തുന്നതിന് മുമ്പുള്ള ഡിവൈഡറിൽ തട്ടി അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.
ഒരാഴ്ചയ്ക്കിടെ അഞ്ച് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിലെ വളവിനോടു ചേർന്നു വീതികുറഞ്ഞ ഭാഗത്താണ് ഡിവൈഡറുള്ളത്. ഈ പ്രശ്നം താത്കാലികമായി പരിഹരിച്ചപ്പോൾ വെളിച്ചക്കുറവാണ് ഇപ്പോൾ വില്ലനാകുന്നത്.
മുണ്ടൻകാവ് കവലയിലെത്തുന്ന വാഹനങ്ങൾക്ക് ഇടറോഡിൽ നിന്ന് എം.സി റോഡിലേക്കു തിരിയുന്ന വാഹനങ്ങൾ വെട്ടക്കുറവ് മൂലം തിരിച്ചറിയാൻ സാധിക്കില്ല. കൊല്ലം - തേനി പൊതുമരാമത്ത് സെക്ഷന്റെ പരിധിയിൽ വരുന്ന റോഡിൽ വകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും വഴിവിളക്കുകളുണ്ട്. എന്നാൽ ഇവ പ്രകാശിക്കാറില്ല.