23-pdm-block-2
പ​ന്തള​ത്തെ ഗ​താ​ഗ​ത​ക്കു​രുക്ക്‌

പന്തളം: ഫെബ്രുവരി ഒന്നുമുതൽ ഗതാഗത പരിഷ്‌കാരം നടപ്പാക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ച പന്തളത്ത് യാത്ര മുടങ്ങുകയാണ്. പ്രഖ്യാപനങ്ങൾ പാഴ്വാക്കായപ്പോൾ എം.സി റോഡി​ൽ മണിക്കൂറുകളോളം ഗതാഗതം കുരുങ്ങുന്നത് പതി​വ് കാഴ്ചയായി​രി​ക്കുന്നു. പന്തളം ബൈപ്പാസ് , മേൽപ്പാലം തുടങ്ങിയ വാഗ്ദാനങ്ങൾ ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്. ഒടുവിൽ നഗരസഭ നടപ്പാക്കാനൊരുങ്ങി​യ ഗതാഗത പരിഷ്‌കാരമാകട്ടെ വി​സ്മൃതി​യി​ലുമായി​.
പന്തളം​ - മാവേലിക്കര റോഡിലാണ് ഗതാഗതക്കുരുക്കേറെ. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നിറങ്ങുന്ന ബസുകൾക്കുള്ള സ്റ്റോപ്പ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തും ദീർഘദൂര ബസുകൾക്ക് ആറ്റിൻകര ഇലക്ട്രോണിക്‌​സിനു മുമ്പിലുമാണ് സ്റ്റോപ്പ് നിശ്ചയിച്ചത്. എന്നാൽ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നിറങ്ങുന്ന ബസുകൾ ഇപ്പോഴും സ്റ്റാൻഡിന് എതി​ർവശത്ത് നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.
കെ.എസ്.ആർ.ടി.സി ബസുകൾ ജംഗ്ഷൻ മുതൽ നഗരസഭാ കാര്യാലയത്തിനു മുൻഭാഗം വരെ തോന്നുന്നയിടത്താണ് നിറുത്തുന്നത്. വാഹനങ്ങളുടെ പാർക്കിംഗിന്റെ കാര്യത്തിലും മാറ്റമൊന്നുമില്ല. ഇത് നഗര ഹൃദയത്തിലെ കുരുക്ക് പഴയതുപോലെ തുടരാൻ കാരണമാകുന്നു.
പിക് അപ് വാനുകൾക്കും ടെമ്പോ ട്രാവലറുകൾക്കും പാട്ടുപുരക്കാവ് സരസ്വതീ ക്ഷേത്രത്തിന് (നവരാത്രി മണ്ഡപം) വടക്കുവശത്താണ് സ്റ്റോപ്പ് നിശ്ചയിച്ചിട്ടുള്ളത്. ഡ്രൈവർമാർ ആ തീരുമാനം നടപ്പാക്കാൻ സഹകരിക്കുന്നതുകൊണ്ട് അതുമാത്രമാണ് പ്രാവർത്തികമായിട്ടുള്ളത്. പരിഷ്​കാരങ്ങൾ നടപ്പാക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രശ്‌നം. എം.സി റോഡിലും പത്തനംതിട്ട റോഡിലും പഴയപടി തന്നെയാണ് സ്റ്റോപ്പുകൾ. പാർക്കിംഗ്, നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. വഴിയോര കച്ചവടക്കാർ ചന്തയിൽ എത്തി കച്ചവടം നടത്തണമെന്ന നിർദ്ദേശവും പാലിക്കുന്നില്ല. എം.സി റോഡിലടക്കം പെട്ടിഓട്ടോയിൽ സാധനങ്ങൾ വില്പന നടത്തുന്നുണ്ട്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പന്തളം ബൈപ്പാസിന് അനുമതി ലഭിച്ചെങ്കിലും തുടർനടപടികൾ വൈകുകയാണ്. ഇപ്പോൾ എം.സി റോഡിൽ തെക്കോട്ട് മെഡിക്കൽ മിഷൻ ജംഗ്ഷൻ വരെയും വടക്ക് ഭാഗത്ത് മണികണ്ഠനാൽത്തറ വരെയും വാഹനങ്ങളുടെ നീണ്ടനിരയാണ്. മാവേലിക്കര ​- പത്തനംതിട്ട റോഡുകളിലെ സ്ഥിതിയും വിഭിന്നമല്ല. മാവേലിക്കര റോഡിൽ കുറന്തോട്ടയം ചന്തയ്ക്ക് മുൻവശത്തും പത്തനംതിട്ട റോഡിൽ ജംഗ്ഷന് കിഴക്ക് ഭാഗത്ത് വരെയും ട്രാഫിക്ക് സിഗ്‌​നലിനായി മിനിറ്റുകളോളം കാത്തുകിടക്കണം.