onam
ഒാണക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ നിർവഹിച്ചു. എ.എ.വൈ കാർഡ് ഉടമ സബീനയ്ക്ക് ആദ്യ കിറ്റ് നൽകി. സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും തുണി സഞ്ചി ഉൾപ്പെടെ 14 ഇനം അവശ്യസാധനങ്ങളാണ് വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 23 മുതൽ സെപ്തംബർ 7വരെയാണ് കിറ്റുവിതരണം. 23, 24 തീയതികളിൽ എ.വൈ കാർഡുടമകൾക്ക് കിറ്റ് നൽകും. 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് കാർഡുടമകൾക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് കാർഡുടമകൾക്കും, സെപ്തംബർ 1,2,3 തീയതികളിൽ എൻ.പി.എൻ.എസ് കാർഡുടമകൾക്കും കിറ്റുകൾ വിതരണം ചെയ്യും. നിർദിഷ്ട തീയതികളിൽ കിറ്റ് വാങ്ങാത്തവർക്ക് 4,5,6,7 തീയതികളിൽ കിറ്റുവാങ്ങാനുള്ള സൗകര്യവുമുണ്ട്.
3,58,240 റേഷൻ കാർഡ് ഉടമകളാണ് ജില്ലയിൽ ഉള്ളത്. റേഷൻ കടകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാർഡ് ഉടമകൾക്കാണ് അതതു റേഷൻ കടകളിലൂടെ കിറ്റുകൾ ലഭ്യമാകുക. പോർട്ടബിലിറ്റി സംവിധാനം കിറ്റ് വിതരണത്തിൽ ഇല്ല. 58 പാക്കിംഗ് സെന്ററുകളിൽ നിന്നാണ് ജില്ലയിലേക്കുള്ള കിറ്റുകൾ എത്തുന്നത്. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, നഗരസഭ കൗൺസിലർ ആർ.സാബു, ജില്ലാ സപ്ലൈ ഓഫീസർ എം. അനിൽ, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ എം.എൻ.വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.