ചെങ്ങന്നൂർ: ദേവസ്വം ബോർഡ് ഭൂമിയിലെ അനധികൃത കൈയേറ്റത്തിനു തെളിവു നൽകാനെത്തിയ ആളെ ക്ഷേത്ര വളപ്പിനുള്ളിൽ ആക്രമിച്ചതായി പരാതി. മർദ്ദനത്തിൽ കീഴ്‌ച്ചേരിമേൽ തിരുവോണം വീട്ടിൽ എൽ.എസ് അജോയ്ക്ക് (54) പരപിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ 11ന് ക്ഷേത്ര വളപ്പിനുള്ളിൽ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിനു സമീപത്താണ് സംഭവം. അനധികൃത കൈയേറ്റത്തിനെ സംബന്ധിച്ച നൽകിയ പരാതിയിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്‌പെഷ്യൽ തഹസീൽദാരുടെ മുന്നിൽ മൊഴി നൽകാൻ എത്തിയ അജോയിയെ ചെങ്ങന്നൂർ ളാഹശേരി ശാന്താ ഭവനിൽ പി.കെ സുരേഷ്, പ്രയാർ വെളിയത്ത് ഷൈജു എന്നിവർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. കമ്പിവടി കൊണ്ടുള്ള മർദ്ദനത്തിൽ അജോയ്യുടെ ഇടത്തെ കൈയ്ക്ക് പരിക്കേറ്റു.ദേവസ്വം ഓഫീസിൽ നിന്നും അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ പൊലീസ് എത്തി അജോയിയെ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതു സംബന്ധിച്ച് അജോയ് ചെങ്ങന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി. പൊലീസ് കേസെടുത്തു.