bridge-chitturkadav
പണികൾ മുടങ്ങിയ ചിറ്റൂർ കടവ് പാലം

കോന്നി: അട്ടച്ചാക്കൽ- ചിറ്റൂർക്കടവ് പാലത്തിന്റെ പണി പുനരാരംഭിക്കാൻ നടപടി വൈകുന്നു. 2016 ഫെബ്രുവരി 26 നാണ് പാലത്തിന്റെ ശിലാസ്ഥാപനം നടന്നത്. റവന്യൂ വകുപ്പിന്റെ റിവർ മാനേജ്‌മെന്റ് ഫണ്ടിൽനിന്ന് അനുവദിച്ച 2.50 കോടി രൂപ ചെലവിൽ നിർമ്മിതി കേന്ദ്രത്തിന്റെ ചുമതലയിലാണ് പണികൾ ആരംഭിച്ചത്. എന്നാൽ, ഫണ്ട് ലഭിക്കാതെ വന്നതോടെ പണി നിറുത്തിവച്ചു. തുടർന്ന് കരാർ കമ്പനി കോടതിയെ സമീപിച്ചു. പ്രധാനപ്പെട്ട മൂന്ന് തൂണുകൾ മാത്രമാണ് പൂർത്തിയായത്.
പിന്നീട് കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. വിളിച്ചുചേർത്ത വികസന സെമിനാറിന്റെ അടിസ്ഥാനത്തിൽ പാലം പണിക്കായി ഒരു കോടി രൂപ വകയിരുത്തി. ഭരണാനുമതിക്ക് സമീപിച്ചെങ്കിലും കേസ് നിലനിൽക്കുന്നതിനാൽ അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പി. ഡബ്ള്യൂ. ഡി ബ്രിഡ്ജസ് വിഭാഗത്തോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു മന്ത്രി ആവശ്യപ്പെട്ടു. തുട‌ർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ബ്രിഡ്ജസ് വിഭാഗം സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിൽ 2020 ജൂൺ 18 ന് സ്ഥലം പരിശോധിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. വേനൽക്കാലത്ത് ആളുകൾ ആറ്റിലൂടെയാണ് അക്കരെയിക്കരെ സഞ്ചരിക്കുന്നത്. ജലനിരപ്പ് ഉയരുമ്പോൾ യാത്ര മുടങ്ങും. കടത്തു വള്ളവുമില്ല.

യാത്രാക്ളേശത്തിന് പരിഹാരം

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറ്റൂർമുക്കിൽ നിന്ന് കോന്നി -കുമ്പഴ റോഡിനെ ബന്ധിപ്പിക്കുന്ന പാലമാണിത്. അട്ടച്ചാക്കൽ, ചിറ്റൂർമുക്ക് കരകളെ ബന്ധിപ്പിച്ച് കോന്നി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽനിന്ന് മറുകരയിലെ ഒന്നാം വാർഡിലേക്കും തിരികെയും വേഗത്തിൽ എത്തിച്ചേരാൻ പാലം യാഥാർത്ഥ്യമായാൽ കഴിയും. പ്രമാടം, കോന്നി,മലയാലപ്പുഴ പഞ്ചായത്തുകളിലുള്ളവർക്കാണ് പാലം ഏറെ പ്രയോജനപ്പെടുക. കോന്നി നഗരത്തിലെ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരമാകും.