1
കൊറ്റനാട് തപാൽ വകുപ്പിന്റെ ഭൂമി കാടു കയറിയ നിലയിൽ

മല്ലപ്പള്ളി : 35 വർഷം പിന്നിട്ടിട്ടും കൊറ്റനാട് പോസ്റ്റോഫീസ് ഇന്നും വാടക കെട്ടിടത്തിൽ തന്നെ. സ്വന്തമായി സ്ഥലം ഏറ്റെടുത്തിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും വാടകയ്ക്ക് പ്രവർത്തിക്കേണ്ട് ദുരവസ്ഥയിലാണ് ജീവനക്കാർ. ഇക്കാലയളവിൽ സ്വന്തംസ്ഥലത്ത് നടന്നത് ചുറ്റുമതിൽ നിർമ്മാണവും ഗേറ്റിൽ ബോർഡും സ്ഥാപിച്ചത് മാത്രമാണ്. ഇപ്പോൾ സ്ഥലം മുഴുവൻ കാടുകയറി ഇഴജന്തുക്കളുടെ താവളമാണ്. കൊറ്റനാട് പഞ്ചായത്ത് ഓഫീസിലും കമ്മ്യൂണിറ്റി ഹാളിനും സമീപത്തുള്ള റാന്നി - വൃന്ദാവനം റോഡിലുമാണ് ഈ സ്ഥലം. 1987-ൽ സബ് പോസ്റ്റ് ഓഫീസിനായിട്ടാണ് ഈ സ്ഥലം ലഭിച്ചത്.സ്ഥലം ലഭിച്ചാൽ കെട്ടിടം നിർമ്മിക്കുമെന്ന് തപാൽ ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് കാവുംപടിയിൽ മധുസൂദനൻ നായർ തപാൽ വകുപ്പിന് ഭൂമി വിലയ്ക്ക് നൽകിയത്. ഇന്ന് കോടികൾ വിലമതിക്കുന്ന സ്ഥലമാണിത്. തപാൽ വകുപ്പ് ഭൂമി കൈവശമായതോടെ കെട്ടിട നിർമ്മാണം എന്ന ആവശ്യം വിസ്മരിച്ചു. കെട്ടിട നിർമ്മാണത്തിന് പകരമായി അധികാരികൾ തേക്ക് മാഞ്ചിയം എന്നിവയുടെ തൈകൾ നട്ടുപിടിപ്പിക്കുകയാണ് ചെയ്തത്. വാടക കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടത്തിലേയ്ക്ക് എന്ന് എന്ന ചോദ്യം മാത്രമാണ് ബാക്കിയുള്ളത്.

..............................

കൊറ്റനാട് തപാൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പോസ്റ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആശയ വിനിമയവകുപ്പ് മന്ത്രിക്കും,ആന്റോ ആന്റണി എംപിക്കും നിവേദനം നൽകിയിട്ടുണ്ട്.

അഡ്വ.പ്രകാശ് ചരളേൽ

(മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
വികസനകാര്യ സ്ഥിരം
സമിതി അദ്ധ്യക്ഷൻ)

....

സ്ഥലം അനുവദിച്ചത് 1987ൽ