അടൂർ : കിഴങ്ങു വിളകളുടെ പുതിയ ഇനങ്ങളും വള മിശ്രിതങ്ങളും മറ്റ് സാങ്കേതിക വിദ്യകളും കർഷകരിൽ എത്തിക്കാനുള്ള പദ്ധതി തിരുവനന്തപുരം സി.ടി.സി.ആർ.ഐ പറക്കോട് ബ്ലോക്കിൽ നടപ്പാക്കുന്നു. പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. തുളസീധരൻ പിള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.എം.എൻ.ഷീല മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ശാസ്ത്രജ്ഞനും ക്രോപ്പ് പ്രൊഡക്ഷൻ വിഭാഗം മേധാവിയുമായ ഡോ.ജി.ബൈജു പദ്ധതി വിശദീകരിച്ചു. വിവിധ വിഷയങ്ങളെപ്പറ്റി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ജി സുജ, സീനിയർ സയന്റിസ്റ്റ് ഡോ. ഡി.ജഗനാഥൻ, ടെക്നിക്കൽ ഓഫീസർ ഡോ.ഷാനവാസ്‌ എന്നിവർ ക്ലാസെടുത്തു. കൊടുമൺ, ഏറത്ത്, എഴംകുളം എന്നീ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കർഷകർക്ക് നൂതന കിഴങ്ങിനങ്ങളും വള മിശ്രിതങ്ങളും മറ്റ് കാർഷികോപധികളും നൽകി പ്രദർശന തോട്ടങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് ഡോ.ജി. ബൈജു പറഞ്ഞു. സി.ടി.സി.ആർ.ഐ പുറത്തിറക്കിയ കിഴങ്ങിനങ്ങളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും വള മിശ്രിതങ്ങളുടെയും പ്രദർശനം ബി.സതീശൻ, ഡി.ടി.റെജിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം.പി.മണിയമ്മ, ബ്ലോക്ക്‌ പഞ്ചായത്തംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്, കൊടുമൺ കൃഷി ഓഫീസർ എസ്.ആദില എന്നിവർ സംസാരിച്ചു.