ഇലവുംതിട്ട: ഇലവുംതിട്ടയിൽ നിന്ന് ട്രെയിൻ യാത്രകൾക്ക് ചെങ്ങന്നൂരിൽ പോകേണ്ടവർ പ്രഭാത, രാത്രി ബസ് സർവീസുകൾ നിലച്ചതിനാൽ വലയുന്നു.രാവിലെയും രാത്രിയിലും ഇലവുംതിട്ട വഴിയുള്ള ബസ് സർവീസുകൾ നിലച്ചിരിക്കുകയാണ്.

ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് രാത്രി 9.20ന് പുറപ്പെട്ട് ഇലവുംതിട്ട വഴി മഞ്ഞിനിക്കര പള്ളി പരിസരത്ത് സ്റ്റേ ചെയ്യുന്ന ബസ് രാവിലെ അഞ്ചിന് ഇലവുംതിട്ടയിലെത്തി റെയിവേ സ്റ്റേഷനിലേക്ക് സർവീസ് നടത്തിയിരുന്നത് ട്രെയിൻ യാത്രികർക്ക് വലിയ സഹായമായിരുന്നു. വേണാട്, വഞ്ചിനാട് ട്രെയിനുകൾക്ക് ഉൾപ്പെടെ ട്രെയിൻ യാത്ര ചെയ്ത് മടങ്ങുന്ന മുളക്കുഴ മുതൽ ഓമല്ലൂർ വരെയുള്ളവർ ഇപ്പോൾ ഏറെ ക്ലേശം അനുഭവിക്കുന്നു. പത്തനംതിട്ടയിൽ നിന്ന് ഇലവുംതിട്ട വഴിയുള്ള അമൃത സർവീസ് ഉൾപ്പെടെ രാവിലെ 7.30 വരെ ബസില്ല. ചെങ്ങന്നൂരിൽ നിന്ന് വൈകിട്ട് 6.10 കഴിഞ്ഞ് ഇലവുംതിട്ടയ്ക്കും ബസില്ല. കോട്ടയത്തു നിന്ന് തിരുവനന്തപുരം ചെ മ്പകപ്പാറ സർവീസും അടുത്തിടെ തുടങ്ങിയ അടൂർ-ഇലവുംതിട്ട-മല്ലപ്പള്ളി-കോട്ടയം സർവീസുകളും നിലച്ചിരിക്കുകയാണ്. ബസ് സർവീസ് പുനരാരംഭിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.