
പത്തനംതിട്ട : ആൽമരത്തിന്റെ തണലിൽ ആരോ ഉപേക്ഷിച്ച മാങ്ങയിൽ നിന്ന് ഒരു മാവ് വളർന്നു. കാലക്രമേണ ആലും മാവും ചേർന്ന സ്ഥലം ആത്മാവ് കവലയായി മാറി. ഇടയ്ക്ക് മാവ് ഉണങ്ങി. പകരം ആലിനൊപ്പം നാട്ടുകാർ മാവ് നട്ടു. പിന്നീട് ആലും കടപുഴകിയപ്പോൾ പകരത്തിന് ഒരു അരയാൽ നട്ടു. അങ്ങനെ പരസ്പരം നഷ്ടപ്പെടാതെ ഇന്നും ആത്മാവ് കവലയിൽ നിലകൊള്ളുന്നു. പുല്ലാട് വടക്കേ കവലയിൽ നിന്ന് ചെറുകോൽപ്പുഴ റൂട്ടിലാണ് ആലും മാവും ചേർന്നിരിക്കുന്ന ആത്മാവ് കവല. കുറിയന്നൂർ, ചരൽക്കുന്ന്, തെള്ളിയൂർകാവ്, ചെറുകോൽപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഈ ആത്മാവ് കവലയിലൂടെയാണ്. നാട്ടിലെ സാംസ്കാരിക കൂട്ടായ്മകളൊക്കെ സംഘടിപ്പിക്കുന്നതും ഈ ആത്മാവിന്റെ തണലിലാണ്.