തിരുവല്ല: ആദിപമ്പ - വരട്ടാർ ജലോത്സവം സെപ്റ്റംബർ 6ന് നടക്കും. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള ചെയർമാനും ചന്ദ്രൻപിള്ള ജനറൽ കൺവീനറുമായ ജലോത്സവ സംഘാടക സമിതി രൂപീകരിച്ചു. ജനകീയമായി ആദിപമ്പ - വരട്ടാർ നദി പുനരുജ്ജീവനത്തിന് തുടക്കം കുറിച്ച് 2017ലാണ് ആദ്യത്തെ ജലോത്സവം. പിന്നീട് പ്രളയത്തെ തുടർന്ന് ജലോത്സവം നടന്നില്ല. 2019ൽ മത്സരം നടത്തിയെങ്കിലും കൊവിഡ് മഹാമാരിയെ തുടർന്ന് ജലോത്സവം രണ്ട് വർഷമായി നടന്നിരുന്നില്ല. പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. ആറന്മുള ശൈലിയിലുള്ള മത്സരമാണ് പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ആദിപമ്പ-വരട്ടാർ ജലോത്സവത്തിലും നടക്കുന്നത്. പൂരാട ദിനത്തിലാണ് എല്ലാവർഷവും ജലോത്സവം. ഇരവിപേരൂർ പഞ്ചായത്തും ജനകീയ കമ്മിറ്റിയും ചേർന്നാണ് ജലോത്സവം നടത്തുന്നത്. രാഹുൽരാജ് (കോർഡിനേറ്റർ) ബിജുകുമാർ (റേസ് കമ്മിറ്റി), ഓതറ സത്യൻ (ഫിനാൻസ്), എം.എൻ.എം.ശർമ (വഞ്ചിപ്പാട്ട്), സുരേഷ് കുമാർ (സ്വീകരണം) തുടങ്ങിയ ഉപസമിതികളും രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ എം.എൽ.എമാരായ മാത്യു ടി.തോമസ്, സജി ചെറിയാൻ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ എന്നിവർ പങ്കെടുക്കും.