തിരുവല്ല: മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അദ്ധ്യാപികയ്ക്കെതിരെ കേസെടുത്തു.. പരുമല കോട്ടയ്ക്കമാലി സ്വദേശിയായ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് ആരോപിച്ച് പരുമല സെമിനാരി എൽ.പി സ്കൂളിലെ താൽക്കാലിക അദ്ധ്യാപികയായ മണിയമ്മയ്ക്ക് എതിരെയാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ചയാണ് പരാതിക്ക് ഇടയാക്കിയ സംഭവം. വൈകിട്ട് കുട്ടിയെ സ്കൂളിൽ നിന്ന് തിരികെ വിളിക്കാനായി മുത്തച്ഛൻ എത്തുമ്പോൾ മുളങ്കമ്പ് ഉപയോഗിച്ച് അദ്ധ്യാപിക കുട്ടിയുടെ കൈയിലും കാലിലും അടിക്കുന്നത് കണ്ടു. തുടർന്ന് മുത്തച്ഛൻ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി. കുട്ടി അദ്ധ്യാപിക മർദ്ദിച്ച വിവരം രക്ഷിതാക്കളോട് പറഞ്ഞു. ഇടത് - വലത് കൈകളുടെ തോൾ മുതൽ താഴേക്കും കൈത്തണ്ടകളിലും അടിയേറ്റ് തിണിർത്ത പാടുകൾ കണ്ടതോടെ പിതാവ് കുട്ടിയുമായി പുളിക്കീഴ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.