അടൂർ: ആർ.എസ്.പി പത്തനംതിട്ട ജില്ലാ സമ്മേളനം 27,28 തീയതികളിൽ അടൂർ എസ്.എൻ.ഡി.പി ഒാഡിറ്റോറിയത്തിൽ (പ്രൊഫ. വി. എസ്. മാധവൻ നായർ നഗർ) നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 27 ന് ഉച്ചക്ക് 2ന് സമ്മേളനം ആരംഭിക്കും. 28 ന് രാവിലെ 9.30 ന് പ്രതിനിധി സമ്മേളനം ആർ. എസ്. പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും മുൻമന്ത്രിയുമായ ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അദ്ധ്യക്ഷതവഹിക്കും. തുടർന്ന് പ്രവർത്തന റിപ്പോർട്ടും ചർച്ചയും . കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. റ്റി.സി.വിജയൻ അവതരിപ്പിക്കും. തുടർന്ന് ചർച്ച . ഉച്ചയ്ക്ക് 3 ന് പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും ജില്ലാ സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ് . ഒക്ടോബറിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്കും നവംബറിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിലേക്കുമുളള പ്രതിനിധികളെ തിരഞ്ഞെടുക്കും. സമാപന സമ്മേളനം മുൻ മന്ത്രിയും ആർ.എസ് .പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ഷിബു ബേബി ജോണിന്റെ അദ്ധ്യക്ഷതയിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എം.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. 201 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാനും കേന്ദ്രകമ്മിറ്റിയംഗവുമായ അഡ്വ. കെ. എസ്. ശിവകുമാർ, ജനറൽ കൺവീനർ പൊടിമോൻ മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി. ജി. പ്രസന്നകുമാർ, സംസ്ഥാന കമ്മിറ്റിയംഗം കലാനിലയം രാമചന്ദ്രൻ നായർ, യു. ടി. യു. സി ജില്ലാ സെക്രട്ടറി എൻ. സോമരാജൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.