angannavadi
നെടുമ്പ്രത്ത് നി​ർമ്മാണം പുരോഗമി​ക്കുന്ന അങ്കണവാടി​ കെട്ടി​ടം

പത്തനംതിട്ട : അങ്കണവാടികളെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സാമൂഹിക വിഭവ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നു. ജില്ലയിൽ നെടുമ്പ്രം പഞ്ചായത്തിലുള്ള രണ്ട് അങ്കണവാടികളെയാണ് ആദ്യഘട്ടത്തിൽ സാമൂഹിക വിഭവകേന്ദ്രങ്ങളാക്കുന്നത്. സംസ്ഥാനത്ത് 25 അങ്കണവാടികളാണ് നവീകരിക്കാൻ തീരുമാനമായിട്ടുള്ളത്. രണ്ടുകോടി രൂപ ചെലവിലാണ് 25 അങ്കണവാടികൾ നവീകരിക്കുന്നത്. കെട്ടിടത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്തി ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപവരെ നവീകരണത്തിനായി അനുവദിക്കും.
കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, ഇടുക്കി, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം, കാസർകോട്, പാലക്കാട്, കോട്ടയം, കൊല്ലം, വയനാട് എന്നീ ജില്ലകളിലെ അങ്കണവാടികളാണ് പട്ടികയിലുൾപ്പെട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ ചീഫ് എൻജിനീയർക്കാണ് നവീകരണ ചുമതല.

എൽ.എസ്.ജി.ഡി എൻജിനിയറിംഗ് വിഭാഗം എസ്റ്റിമേറ്റ് സഹിതം പ്രൊപ്പോസലുകൾ തയ്യാറാക്കി വനിതാശിശുവികസന വകുപ്പിന് കൈമാറിയിട്ടുണ്ട്.

പ്രവർത്തനങ്ങൾ തദ്ദേശവകുപ്പ് ചീഫ് എൻജിനീയർ അടിയന്തരമായി ആരംഭിക്കണമെന്ന് വനിത ശിശുവികസന വകുപ്പ് ഡയറക്ടറിന്റെ ഉത്തരവിൽ പറയുന്നുണ്ട്.

പോഗ്രാം ഓഫീസർമാർ പ്രതിമാസ നവീകരണ പുരോഗതി വിലയിരുത്തി സമയ ബന്ധിതമായി പൂർത്തിയാക്കുന്നുണ്ടോയെന്ന പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണം.

ആകെ അനുവദിച്ച തുക : 5,64,000 രൂ

66-ാം നമ്പർ അങ്കണവാടിക്ക് : 2,50,000 രൂ

68-ാം നമ്പർ അങ്കണവാടിക്ക് : 3,14,000 രൂ

സ്ത്രീകൾക്കും കുട്ടികൾക്കും പ്രയോജനം

പദ്ധതി ലക്ഷ്യം വയ്ക്കുന്നത്

അങ്കണവാടികളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി സ്ത്രീകൾക്കും കുട്ടികൾക്കും ഒത്തുചേരാൻ കൂടുതൽ അവസരങ്ങൾ ഒരുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. കെട്ടിടത്തിന്റെ നവീകരണത്തിന് പഞ്ചായത്തിന്റെ ഫണ്ടല്ലാതെ ഒരു തുക ലഭിക്കുന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടും.

സാമൂഹിക വിഭവകേന്ദ്രങ്ങളിലെ

സൗകര്യങ്ങൾ

1. കൗമാരക്കാരുടെ ക്ലബ്.

2. ലൈബ്രറി.

3. ശിശുസൗഹൃദ ടോയ്‌ലറ്റ്.

4. കളിസ്ഥലങ്ങൾ

" സാമൂഹിക വിഭവ കേന്ദ്രങ്ങളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ വരുമ്പോൾ അത് സ്ത്രീകൾക്കും കുട്ടികൾക്കും പ്രയോജനകരമാണ്. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടല്ലാതെ പുതിയ ഫണ്ട് ലഭിക്കുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സാധിക്കും. "

ഐ.സി.ഡി.എസ് അധികൃതർ