photo
പ്രമാടം മുട്ടത്ത് കടവ് തകർന്ന നിലയിൽ

പ്രമാടം : മേജർ ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥയെ തുടർന്ന് അച്ചൻകോവിലാറ്റിൽ ഒലിച്ചുപോയത് ലക്ഷങ്ങൾ. പ്രമാടം പഞ്ചായത്തിലെ മുട്ടത്ത് കടവിൽ മാസങ്ങൾക്ക് മുമ്പ് 19ലക്ഷം രൂപ ചെവലിൽ നിർമ്മിച്ച സംരക്ഷണ ഭിത്തിയും കുളിക്കടവുമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണത്. തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കങ്ങളെ തുടർന്ന് ആറിന്റെ തീരം വ്യാപകമായി ഇടിഞ്ഞതോടെയാണ് നാട്ടുകാർ കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്ക് നിവേദനം നൽകിയത്. ഇതേ തുടർന്ന് മേജർ ഇറിഗേഷൻ വകുപ്പ് തുക അനുവദിച്ച് നിർമ്മാണം നടത്തുകയായിരുന്നു. അച്ചൻകോവിലാർ മൂന്നുവശവും ചുറ്റുന്ന പ്രദേശമാണിവിടം. സദാസമയവും ശക്തമായ അടിയൊഴുക്കുമുണ്ട്.അടിത്തറയുടെ ബലക്ഷയമാണ് സംരക്ഷണ ഭിത്തിയുടെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ശരിയായി അടിത്തറ നിർമ്മിക്കാതെയാണ് സംരക്ഷണഭിത്തി കെട്ടിയത്. സിമെന്റ് ആവശ്യത്തിന് ഉപയോഗിക്കാതെ പാറപ്പൊടിയില്ലാതെ കല്ല് കെട്ടി ഉയർത്തിയത്. വേണ്ട രീതിയിൽ വാനം എടുക്കാതെ വെള്ളത്തിൽ നിന്നായിരുന്നു അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾ. അന്ന് നാട്ടുകാർ ഇത് ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. നിർമ്മാണം പൂർത്തീകരിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ഇവിടെ വിള്ളൽ രൂപപ്പെട്ടിരുന്നു. നാട്ടുകാർ ഇത് ജനപ്രതിനിധികളുടെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും തങ്ങളുടെ ഫണ്ട് അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇത്തവണ ജലനിരപ്പ് ഉയർന്നപ്പോൾ ഭൂരിഭാഗം പ്രദേശങ്ങളും ഇടിഞ്ഞ് താണു.

ആശങ്കബാക്കി

കുളിക്കടവിന്റെ കൽകെട്ടിന് നിലവിൽ തകർച്ചയില്ലെങ്കിലും ബലക്ഷയം നേരിടുന്നുണ്ട്. സംരക്ഷണ ഭിത്തി തകർന്നതോടെ സമീപത്തെ വീട്ടുകാരും ആശങ്കയിലാണ്. മഴയത്ത് മണ്ണിടിച്ചിൽ ഉണ്ടായാൽ ഇവരുടെ വീടുകൾക്കും ഭീഷണിയുണ്ട്. സമീപത്ത് നേരത്തെ നിർമ്മിച്ച സംരക്ഷണ ഭിത്തിയും തകർന്ന നിലയിലാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംരക്ഷണ ഭിത്തി ശാസ്ത്രീയമായി പുന:ർനിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.