പത്തനംതിട്ട: സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയുടെ പേരിൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 3. 60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ ഓഫീസ് സെക്രട്ടറിക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. ജില്ലാ സെക്രട്ടറി, ഖജാൻജി എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പെന്ന് കണ്ടെത്തി . സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ജെ അജയകുമാറാണ് പൊലീസിൽ പരാതി നൽകിയത്. വള്ളിക്കോട് സ്വദേശി അഖിൽ സജീവാണ് പ്രതി.
ഇക്കഴിഞ്ഞ ജൂണിൽ സെക്രട്ടറി പി.ജെ അജയകുമാർ, ഖജാൻജി ആർ. സനൽകുമാർ എന്നിവരുടെ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖിൽ പിൻവലിച്ചു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ എൽപ്പിച്ച 1,40,000 രൂപയും അഖിൽ തട്ടിയെടുത്തുവെന്ന് പരാതിയിൽ പറയുന്നു. പണമിടപാട് നടത്തിയിരുന്ന ചിലർക്ക് പ്രതി അക്കൗണ്ടിന്റെ ചെക്ക് വ്യാജ ഒപ്പിട്ട് നൽകി. ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങിയതോടെ ആളുകൾ പരാതിയുമായി എത്തി. വിവരമറിഞ്ഞ നേതാക്കൾ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. തുടർന്ന് അഖിൽ സജീവിനെ ഒാഫിസ് ചുമതലയിൽ നിന്ന് നീക്കി.