അടൂർ : പന്നിവിഴ സർവീസ് സഹകരണ ബാങ്കിനെതിരെ ബാങ്ക് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അംഗത്വമെടുത്ത കോൺഗ്രസ് പ്രവർത്തകനായ അരവിന്ദ് ചന്ദ്രശേഖറിന്റെ പേരിൽ നടത്തുന്ന പ്രചാരണം അപലപനീയമാണെന്ന് ബാങ്ക് സെക്രട്ടറി എം. ജെ. ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു. ഡി. എഫ് നൽകിയ നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്മപരിശോധനാവേളയിൽ കുടിശിക കാരണം മൂന്നുപേരുടെ പത്രിക വരണാധികാരി തള്ളി. ഇതിനെ ചോദ്യം ചെയ്യാൻ വരണാധികാരിയുടെ മുറിയിലേക്ക് എത്തിയ അരവിന്ദ് ചന്ദ്രശേഖറെ ബാങ്കിലെ ജീവനക്കാർ തടയുകയും ബലപ്രയോഗം നടത്തിയതിനെ തുടർന്ന് മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനമേറ്റ അരവിന്ദ് ചന്ദ്രശേഖർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനെ തുടർന്ന് ഇന്നലെ കോൺഗ്രസ് പ്രവർത്തകർ ബാങ്ക് ഒാഫീസ് ഉപരോധിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എതിർ പാനൽ ഉണ്ടായിരുന്നില്ല. സമീപകാലത്ത് ആദ്യമായാണ് യു. ഡി. എഫ് മത്സര രംഗത്ത് എത്തിയത്. ഫോട്ടോ പതിച്ച വോട്ടർ പട്ടിക പുറത്തിറക്കിയാണ് വർഷങ്ങളായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സുതാര്യമായി നടക്കുന്ന തിരഞ്ഞെടുപ്പിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുന്നതെന്ന് ബാങ്ക് സെക്രട്ടറി പറഞ്ഞു.