പത്തനംതിട്ട:ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അദ്ധ്യാപിക മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു .വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ പരാതിയിലാണ് നടപടി.
പരുമലയിലെ സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസുകാരനാണ് അദ്ധ്യാപികയിൽ നിന്ന് അടികൊണ്ടത്.
കുട്ടിയെ സ്‌കൂളിൽ നിന്ന് തിരികെ വിളിക്കാൻ മുത്തച്ഛൻ എത്തുമ്പോൾ മുളങ്കമ്പ് ഉപയോഗിച്ച് അദ്ധ്യാപിക കൈയിലും കാലിലുമായി അടിക്കുന്നത് കണ്ടു. വീട്ടിലെത്തിയ കുട്ടി മർദ്ദന വിവരം രക്ഷിതാക്കളോട് പറഞ്ഞു. ഇടത് വലത് കൈകളുടെ തോൾ മുതൽ താഴേക്കും കൈത്തണ്ടകളിലും അടിയേറ്റ് തിണിർത്ത പാടുകൾ കണ്ടതോടെ പിതാവ് വിഷ്ണു കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാദ്ധ്യമ വാർത്ത ചൂണ്ടിക്കാട്ടിയാണ് റഷീദ് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്.