പത്തനംതിട്ട: മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ ഭരണഘടനയെ അപമാനിക്കുകയും തീവ്ര നിലപാടുള്ള ദേശവിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന പരാമാർശങ്ങൾ നടത്തുകയും ചെയ്തെന്ന് പൊലീസ് എഫ്.ഐ.ആർ. ഫേസ് ബുക്ക് പോസ്റ്റിൽ ജലീൽ നടത്തിയ ആസാദി കാശ്മീർ പരാമർശത്തിൽ കേസെടുത്ത കീഴ് വായ്പൂര് പൊലീസിന്റേതാണ് എഫ്.ഐ.ആർ.
ഇന്ത്യൻ പൗരനായിരിക്കെ രാജ്യത്തെ ഭരണഘടനയെ അപമാനിക്കണമെന്നും കലാപമുണ്ടാക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ ജമ്മു-കാശ്മീരിനെ ഇന്ത്യൻ അധിനിവേശ കാശ്മീരെന്നും പാകിസ്ഥാൻ കൈയടക്കി വച്ചിരിക്കുന്ന കാശ്മീരിന്റെ ഭാഗങ്ങളെ ആസാദ് കാശ്മീരെന്നും പ്രകോപനപരമായി വിശേഷിപ്പിച്ചതായും എഫ്.ഐ.ആറിലുണ്ട്. ഭരണഘടനയെയും സർക്കാരിനെയും അപമാനിച്ചതായും സ്പർദ്ധ വളർത്താൻ ശ്രമിച്ചതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലീലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ ആർ. എസ്.എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ കീഴ് വായ്പൂര് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്ന് തിരുവല്ല കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.