 
മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്തിലെ 6, 7, 9 വാർഡുകളെ ബന്ധിപ്പിക്കുന്ന പാറത്തോട്ടിൽ പാലം നിർമ്മാണവും പാറത്തോട് - മുണ്ടഴി- വേങ്ങത്താനം റോഡ് നിർമ്മാണവും പൂർത്തിയായി. നാളെ വൈകിട്ട് 5 ന് എം.എൽ.എ അഡ്വ.മാത്യു ടി.തോമസ് നാടിന് തുറന്നു നല്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്. 2020 ജൂൺ മാസം ഭരണാനുമതി ലഭിച്ചെങ്കിലും 2021 ഫെബ്രുവരി 16നാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. തുടർന്ന് കൊവിഡ് വ്യാപനം നിർമ്മാണത്തിൽ തടസമായെങ്കിലും 2022 ഫെബ്രുവരി ആദ്യം തന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. പാലവും, കലുങ്കും ,റോഡും പൂർത്തിയായതോടെ മുണ്ടഴിപ്രദേശത്തെ അറുപതോളം കുടുംബങ്ങൾക്ക് സഞ്ചാരത്തിനായി ഈ പദ്ധതി പ്രയോജനപ്പെടും.കൂടാതെ പദ്ധതിപൂർത്തിയായതോടെ വേങ്ങത്താനം,പാറത്തോട് എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്കും യാത്രാ ബുദ്ധിമുട്ട് കൂടാതെ എളുപ്പ മാർഗം എഴുമറ്റൂർ,നാരകത്താനി, ശീതക്കുളം,കൊറ്റംകുടി ,പാടിമൺ , കീഴ് വായ്പൂര് എന്നിവിടങ്ങളിലേക്ക് എളുപ്പമാർഗം എത്തുന്നതിനും പദ്ധതി പൂർത്തീകരണത്തിലൂടെ സാധിയ്ക്കും. കാലവർഷത്തിന്റെ അവസാനത്തിലും വേനലിന്റെ ആരംഭത്തിലും പാറത്തോട്ടിലെ മീൻമുട്ടി പാറയിലെ വെള്ളച്ചാട്ടം കാണുവാൻ എത്തുന്ന സഞ്ചാരികൾക്കും റോഡ് നവീകരണ പ്രയോജനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും, കലാസന്ധ്യയും നടക്കും.