ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടികുറച്ച് അധികാരവികേന്ദ്രീകരണത്തെയും വികസന പ്രവർത്തനങ്ങളെയും അട്ടിമറിക്കാനാണ് എൽ.ഡി.എഫ് സർക്കാരിന്റെ ശ്രമമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ സി.കെ ഷാജിമോഹൻ പറഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചെങ്ങന്നൂരിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. മാന്നാർ അബ്ദുൾ ലത്തീഫ്, കെ.ആർ മുരളീധരൻ, ഡി.നാഗേഷ് കുമാർ, പി.വി ജോൺ, തോമസ് ചാക്കോ, ജോർജ് തോമസ്, മറിയാമ്മ ജോൺ ഫിലിപ്പ്, ഡോ. ഷിബു ഉമ്മൻ,ജോജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.