building
പെരിങ്ങര വില്ലേജ് ഓഫിസ്

തിരുവല്ല: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പെരിങ്ങരയിലെ വില്ലേജ് ഓഫീസിനെ വെള്ളപ്പൊക്കത്തിൽ നിന്നും കരകയറ്റേണ്ടി വന്നിരിക്കുകയാണ്. അപകടാവസ്ഥയിലായ പെരിങ്ങര വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികൾ ഇഴയുന്നു. പെരിങ്ങര കാരയ്‌ക്കൽ വായനാശാലയ്ക്ക് സമീപത്തെ വില്ലേജ് ഓഫീസ് കെട്ടിടം വർഷംതോറുമുള്ള വെള്ളപ്പൊക്കത്തിന്റെ കെടുതികളിൽപെട്ട് അപകടാവസ്ഥയിലായിട്ട് ഏറെക്കാലമായി. 30 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ പകുതിയിലേറെ 2018ലെ പ്രളയത്തിൽ മുങ്ങിപ്പോയിരുന്നു. ഇതേതുടർന്ന് കെട്ടിടത്തിന്റെ അടിത്തറ പിന്നിലേക്ക് ചെരിഞ്ഞു ബലക്ഷയമുണ്ടായി. കെട്ടിടത്തിന്റെ ഭിത്തി ഉൾപ്പെടെ പലഭാഗങ്ങളും വിണ്ടുകീറി. മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീഴുന്നതും പതിവാണ്. വില്ലേജ് ഓഫീസർ ഉൾപ്പെടെ ആറ് ജീവനക്കാരാണ് ഭയാശങ്കയോടെ ഇവിടെ കഴിയുന്നത്. ശൗചാലയം ഉപയോഗശൂന്യമായതിനാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും സൗകര്യമില്ല. കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടർന്ന് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം കാവുംഭാഗം വില്ലേജ് ഓഫീസിലേക്ക് താൽക്കാലികമായി മാറ്റിയിരുന്നു. എന്നാൽ വെള്ളം താഴ്ന്നതോടെ വീണ്ടും ബലക്ഷയമുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

വില്ലേജ് ഓഫീസിന് സുരക്ഷ വേണം

വില്ലേജ് ഓഫീസ് മാറ്റവും ശോച്യാവസ്ഥയും പ്രദേശവാസികളെയും ഏറെ ദോഷകരമായി ബാധിച്ചിരിക്കയാണ്. നിലവിൽ അഞ്ച് സെന്റ് സ്ഥലത്താണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. സ്ഥിരമായി പ്രളയക്കെടുതി നേരിടുന്ന അപ്പർകുട്ടനാട് മേഖലയിലെ പെരിങ്ങര പഞ്ചായത്ത് പ്രദേശത്തെ വില്ലേജ് ഓഫീസിന് സുരക്ഷമായ കെട്ടിടം അടിയന്തരമായി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ നിലവിലെ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ വൈകുകയാണ്.

..........................................

പെരിങ്ങര വില്ലേജ് ഓഫീസ് അനുയോജ്യമായ കെട്ടിടത്തിലേക്ക് മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വകുപ്പ് തലത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ജോൺ വർഗീസ്,

(തഹസീൽദാർ)

- വില്ലേജ് ഓഫീസർ ഉൾപ്പെടെ 6 ജീവനക്കാർ

-കെട്ടിടത്തിന് 30 വർഷം പഴക്കം

- 2018 ലെ പ്രളയത്തിൽ മുങ്ങി