
പത്തനംതിട്ട നഗരത്തിലെ റോഡുകളിലെ കുഴികൾ അപകടക്കെണികളാണ്. കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നവർ നിരവധി. ജനം പരാതി പറഞ്ഞുമടുത്തെങ്കിലും അധികൃതർ മൗനം തുടരുകയാണ്.
പത്തനംതിട്ട : നഗരത്തിലെ റോഡുകളിൽ പെരുകുന്ന അപകടങ്ങളിലെ പ്രധാന വില്ലൻ പൈപ്പ് ലൈൻ പദ്ധതിക്കായി വാട്ടർ അതോറിട്ടി കുഴിച്ച കുഴികളാണ്. മദ്ധ്യഭാഗത്ത് കുഴിയായ റോഡുകളാണ് മിക്കതും. എല്ലാ റോഡിന്റെയും വശങ്ങളിൽ മൺകൂനകളാണ്. പൈപ്പ് ലൈനിന് റോഡ് കുഴിച്ച് പൈപ്പ് ഇട്ടതിന് ശേഷം ആ കുഴി നികത്തി ടാർ ചെയ്യേണ്ടതിന് പകരം കുഴി മൂടി മടങ്ങുകയാണ് അധികൃതർ. ദിവസവും അഞ്ചിലധികം അപകടങ്ങൾ നഗരത്തിലെ വിവിധ റോഡുകളിലായി നടക്കുന്നു.
കുമ്പഴയിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതി അപകടത്തിൽപ്പെട്ടതിന് ശേഷം റോഡിന്റെ ആ ഭാഗം മാത്രം കോൺക്രീറ്റ് ചെയ്ത് കുഴി മറയ്ക്കുക മാത്രമായിരുന്നു. ബാക്കി ഭാഗം പഴയ പടിതന്നെയാണ്. മഴ പെയ്തതോടെ ചെളി നിറഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
തിരുവല്ല കുമ്പഴ റോഡ്
സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള ഭാഗം മുതൽ ജംഗ്ഷൻ വരെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി എടുത്ത കുഴിയാണ്. ഇവിടെ ഇപ്പോൾ ചെളിനിറഞ്ഞിരിക്കുകയാണ്. മണ്ണ് കൂനയാക്കി ഇട്ട ശേഷം തൊഴിലാളികൾ മടങ്ങി,..
ഇതേ റോഡ് കണ്ണങ്കരയിൽ എത്തുമ്പോഴും സമാന സ്ഥിതിയാണ്.
റിംഗ് റോഡ് വെട്ടിപ്രം ഭാഗം
റിംഗ് റോഡ് വെട്ടിപ്രം ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴി പണി പൂർത്തിയാകാത്തതിനാൽ നികത്തിയിട്ടില്ല.
സ്റ്റേഡിയം ജംഗ്ഷൻ റോഡ്
സ്റ്റേഡിയത്തോട് ചേർന്ന റോഡിൽ പൈപ്പ് ലൈനിനായി കുഴിച്ച ഭാഗത്തെ റോഡ് തകർന്നിരിക്കുകയാണ്.
ഓമല്ലൂർ - പത്തനംതിട്ട റോഡ്
ഓമല്ലൂർ - പത്തനംതിട്ട റോഡിൽ പുത്തൻപീടിക ജംഗ്ഷനിൽ റോഡിന് മദ്ധ്യേ രൂപപ്പെട്ട കുഴിയിൽ വീണ് അപകടങ്ങൾ പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. കയറ്റത്ത് നിന്ന് ഇറങ്ങി വരുന്ന റോഡായതിനാൽ വാഹനങ്ങളെല്ലാം വേഗത്തിലാണ് ഇതുവഴി പോകുന്നത്.
ഇന്നലെ അപകടത്തിൽപ്പെട്ട ളാഹ സ്വദേശി അജയൻ പറയുന്നു
കൊട്ടാരക്കരയ്ക്ക് ഭാര്യയുമായി ഇരുചക്ര വാഹനത്തിൽ പോയതാണ്. ഓമല്ലൂർ പുത്തൻ പീടികയിൽ റോഡിന് മദ്ധ്യേത്തിലെ കുഴി ഒറ്റ നോട്ടത്തിൽ ചെറുതെന്ന് തോന്നും. പക്ഷേ കുഴിയിൽ വീണ് വാഹനം തെറിച്ച് റോഡിന് അപ്പുറത്ത് പോയി വീണു. ഞങ്ങൾ രണ്ടു പേരും റോഡിലും. പിറകിലൂടെ വന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ബ്രേക്ക് പിടിച്ചില്ലായിരുന്നുന്നെങ്കിൽ ഞങ്ങൾ രണ്ടും പേരും വണ്ടിക്ക് അടിയിൽപ്പെട്ടേനെ. മക്കൾ നേരത്തെ ബസിൽ പോയത് കൊണ്ട് അവർ രക്ഷപ്പെട്ടു. ബൈക്കിന്റെ ബ്രേക്ക് പോയി ഒരു ഭാഗം തകർന്നു. വർക്ക്ഷോപ്പിൽ നിന്ന് പണി നടത്തി ഇറക്കണമെങ്കിൽ 5000 രൂപയാകും. കൂലിപ്പണിക്കാരനായ ഞാൻ എന്തുചെയ്യും ?