ചെന്നീർക്കര: ബസ് സർവീസുകൾ നിലയ്ക്കുകയും യാത്രാക്ലേശം രൂക്ഷമാവുകയും ചെയ്തതോടെ പഠനം മുടങ്ങുമെന്ന ആശങ്കയിൽ വിദ്യാർത്ഥികൾ. ഗവ.ഐ.ടി.ഐ, തുമ്പമൺ ഗവ ഹയർസെക്കൻഡറി സ്കൂൾ, എസ്.എൻഡി.പി എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ പഠിക്കുന്നവർക്കാണ് ദുരിതം. സ്കൂൾ സമയം കണക്കാക്കി രാവിലെയും വൈകിട്ടും ഉണ്ടായിരുന്ന സർക്കുലർ സർവീസ് നിലച്ചതാണ് യാത്രാദുരിതത്തിന്റെ കാരണം. കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഓമല്ലൂർ, പന്നിക്കുഴി, അമ്പലത്തുംപാട്, ചെന്നീർക്കര, മുറിപ്പാറ, മാത്തൂർ വഴി പത്തനംതിട്ടയിൽ എത്തുന്ന രീതിയിലായിരുന്നു സർക്കുലർ സർവീസ്. കുട്ടികൾക്ക് പുറമേ ഗ്രാമപ്രദേശങ്ങൾക്ക് ഒന്നാകെ ഈ ബസ് സർവീസ് പ്രയോജനപ്രദമായിരുന്നു. ഇപ്പോൾ വിദ്യാർത്ഥികൾ വിവിധയിടങ്ങളിൽ നിന്ന് മുറിപ്പാറ, പന്നിക്കുഴി,രാമൻചിറ എന്നിവിടങ്ങളിൽ ഇറങ്ങി ഐ.ടി.ഐയിലും സ്കൂളുകളിലും നടന്ന് എത്തേണ്ട അവസ്ഥയാണ്. പന്തളത്തു നിന്ന് അമ്പലക്കടവ് വഴിയും പത്തനംതിട്ട, ചെങ്ങന്നൂർ ഡിപ്പോകളിൽ നിന്ന് ഇലവുംതിട്ട - ഓമല്ലൂർ വഴി പന്നിക്കുഴിയിൽ ഇറങ്ങാനുള്ള ബസ് സർവീസുകളും കുറവാണ്. ചെയിൻ സർവീസ് സംവിധാനം കൊവിഡ് കാലത്ത് നിലച്ചതിനെ തുടർന്ന് പുനരാരംഭിക്കാൻ നടപടിയുണ്ടായില്ല.ചെന്നീർക്കര ഐ.ടി.ഐ പടി വഴി പന്തളം-കോഴഞ്ചേരി ഒരു സ്വകാര്യ ബസ് ഉള്ളത് മാത്രമാണ് ആകെയുള്ള ഇവിടുത്തെ യാത്ര സംവിധാനം. പത്തനംതിട്ടയിൽ നിന്ന് ഓമല്ലൂർ ചന്ത,മുറിപ്പാറ,ഐ. ടി.ഐ ജംഗ്ഷൻ രാമൻചിറ, പുന്നക്കുന്ന് മല, ഉളനാട് വഴി പന്തളത്തിന് ഉണ്ടായിരുന്ന മലവണ്ടി എന്നറിയപ്പെട്ടിരുന്ന ഒരു കെ.എസ്.ആർ.ടി.സി സർവീസും മറ്റൊരു സ്വകാര്യ ബസും നേരത്തെ തന്നെ സർവീസ് നിറുത്തിയിരുന്നു. പ്ലസ് വൺ ക്ലാസുകൾ കൂടി തുടങ്ങിയതിനാൽ യാത്രാ ക്ലേശത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.