കന്നുകാലികൾക്ക് ചികിത്സ ലഭിക്കുന്നില്ല

ചെങ്ങന്നൂർ: ഡോക്ടർ അവധിയിൽ പോയതോടെ ആലാ മൃഗാശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായി. കാലാവസ്ഥാ വ്യതിയാനവും മറ്റ് രോഗങ്ങൾ മൂലവും ഗ്രാമപഞ്ചായത്തിലെ കന്നുകാലികൾ ചത്തൊടുങ്ങുമ്പോഴാണ് ഡോക്ടറുടെ അഭാവം. മൂന്നു മാസത്തിനിടെ 4 പശുക്കളാണ് ചികിത്സകിട്ടാതെ ചത്തത്.
ഡോക്ടർ പ്രസവാവധിയിലാണ്. പകരം തുരുത്തിമേലിലെ ഡോക്ടർക്ക് ചുമതല നൽകിയിട്ടുണ്ടെങ്കിലും സേവനം അവശ്യ ഘട്ടത്തിൽ ലഭിക്കുന്നില്ലെന്നാണ് ക്ഷീര കർഷകരുടെ പരാതി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ആല കൊച്ചു കണ്ണാട്ട് സഹദേവൻ, വലിയ കാലായിൽ പ്രകാശ്, പറമ്പുതറയിൽ പി.എസ് സിന്ധു, പെണ്ണുക്കര സൈജു ഭവനത്തിൽ ഷൈനി എന്നിവരുടെ കറവപ്പശുക്കളാണ് ചത്തത്.
ഈ പശുക്കൾക്ക് ഒന്നിന് 70000 ൽ അധികം രൂപയാണ് വില. ഇവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ എടുത്തിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കറവപ്പശുക്കൾക്കും കിടാരികൾക്കുമുണ്ടാകുന്ന രോഗത്തിന് കൃത്യമായ ചികിത്സ ലഭിക്കാത്തതും കർഷകരെ വലയ്ക്കുന്നു. മുന്തിയ ഇനം കറവപ്പശുക്കൾക്ക് ചികിത്സ താമസിക്കുന്നത് പാല് കുറയുന്നതിനും അകിടുവീക്കം പോലുളള രോഗം മൂർച്ഛിക്കുന്നതിനും കാരണമാകുന്നുണ്ട്.
ആല മിൽമ സൊസൈറ്റിയുടെ പരിധിയിൽ ശരാശരി 50 കർഷകരാണ് നിത്യവും പാൽ അളക്കുന്നത്. കർഷകരുടെയും പശുക്കളുടെയും സംരക്ഷണത്തിനായി സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനമാണ് കിടാരികൾക്കും പശുക്കൾക്കും അടിക്കടി രോഗബാധയുണ്ടാകാൻ കാരണമെന്നാണ് കർഷകരുടെ നിഗമനം. ഇതു സംബന്ധിച്ച് കർഷകരും ക്ഷീര കർഷക സംഘം പ്രതിനിധികളും യോഗം ചേർന്നു. പ്രസിഡന്റ് ശാന്തകുമാരി പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്പിളി ബാബുരാജ്, ശ്യാം ബാബു, തോമസ് വി. തോമസ്, സഹദേവൻ, രാധമ്മ, ശ്രീലേഖ, പ്രമീളകുമാരി, അനിതാ രാജു സുമതി എന്നിവർ പ്രസംഗിച്ചു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.