
മല്ലപ്പള്ളി : കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ തെരുവു നായ ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടമായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്കളെ കാണാം. വൃന്ദാവനം ഗുരുമന്ദിരം പടിയിൽ ഇവയുടെ ശല്യം രൂക്ഷമാണ്. ഇരുചക്ര വാഹന യാത്രക്കാർക്കും പിന്നാലെ നായ്ക്കൂട്ടം ഓടുന്നതും പതിവാണ്. ഇവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അതിവേഗം വാഹനമോടിച്ച് അപകടത്തിൽപെടുന്നവരുമുണ്ട്. ആൾപ്പെരുമാറ്റമില്ലാത്ത വീടുകളും പൊന്തക്കാടുകളുമാണ് ഇവയുടെ വിശ്രമകേന്ദ്രം. കവലകളിലെ കട വരാന്തകളിലാണ് ഇവ തമ്പടിയ്ക്കുന്നത്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ വന്ധ്യകരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.