dog

തിരുവല്ല : താലൂക്കാശുപത്രിയിൽ മാത്രം പ്രതിമാസം 50 മുതൽ 80 വരെ ആളുകൾ നായയുടെ കടിയേറ്റ് ചികിത്സതേടി എത്താറുണ്ട്. ഇതിൽ വളർത്തുനായകളുടെ കടിയേറ്റവരാണ് ഭൂരിഭാഗവും. തെരുവുനായയുടെ കടിയേറ്റാൽ തിരുവല്ലയിൽ ചികിത്സ ലഭ്യമല്ല. പി.എച്ച്.സികളിലോ താലൂക്കാശുപത്രിയിലോ മരുന്നില്ല. വളർത്തുനായയുടെയോ മറ്റോ ചെറിയതോതിലുള്ള കടിയേറ്റാൽ നൽകുന്ന ഇൻട്രാഡെർമൽ റാബിസ് വാക്‌സിനേഷൻ (ഐ.ഡി.ആർ.വി.) മാത്രമേ താലൂക്ക് ആശുപത്രിയിലുള്ളൂ. കഴുത്തിന് മുകളിലോട്ടുള്ള ഭാഗം,കൈവെള്ള, കാൽവെള്ള തുടങ്ങിയ ഭാഗങ്ങളിൽ കടിയേൽക്കുകയോ മറ്റ് ശരീരഭാഗങ്ങളിൽ ആഴത്തിലുള്ള കടിയേൽക്കുകയോ ചെയ്താൽ 24 മണിക്കൂറിനകം നൽകേണ്ട ആന്റി റാബിസ് സെറം ലഭിക്കണമെങ്കിൽ മെഡിക്കൽ കോളേജിൽ എത്തണം. അവിടെയും ചിലപ്പോൾ ഈ മരുന്ന് കിട്ടാറില്ലെന്ന് അനുഭവസ്ഥർ പറയുന്നു.