1

തെങ്ങമം : തെങ്ങമം , പള്ളിക്കൽ, പയ്യനല്ലൂർ ഭാഗങ്ങളിൽ തെരുവ്നായ ശല്യം രൂക്ഷമായി. വന്ധ്യകരണ നടപടികൾ പാളിയതോടെ തെരുവ് നായകൾ നാട് വാഴുകയാണ്. പയ്യനല്ലൂരിൽ എൽ.പി സ്കൂളിന്റെ മൈതാനത്താണ് തെരുവ് നായകളുടെ രാത്രിവാസം. സ്കൂളിന്റെ വരാന്തയിലാണ് കിടപ്പ്. രാവിലെ കുട്ടികളെത്തുമ്പോൾ വരാന്ത മുഴുവൻ വിസർജ്യമായിരിക്കും. പകൽ സമയത്ത് ഗ്രൗണ്ടിൽ നായകൾ കറങ്ങുന്നത് കുട്ടികൾക്ക് ഭീഷണിയാണ്. തെങ്ങമം കൊല്ലായ്ക്കൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് നായകളുടെ വലിയ കൂട്ടമുണ്ട്. ഇറച്ചി കടകൾ ഉള്ളതും മത്സ്യ കച്ചവടവുമാണ് ഇവിടെ നായ തമ്പടിക്കാൻ കാരണം.

പള്ളിക്കൽ മേക്കുന്നുമുകൾ കേന്ദ്രീകരിച്ചും വലിയ ശല്യമാണ്. റോഡരുകിൽ മത്സ്യക്കച്ചവടം ഉള്ളതിനാൽ നായകൾ ഇവിടം വിട്ടുപോകുന്നില്ല.

പ്രഭാത നടത്തക്കാർക്കും സ്കൂൾ കട്ടികൾക്കും ആണ് കൂടുതൽ ഭീഷണി.

തോട്ടുവാ, ചെറുകുന്നം, കൈതയ്ക്കൽ എന്നിവിടങ്ങളിലും തെരുവ് നായകൾ ഭീഷണിയാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓരോ പഞ്ചായത്തിലെയും തെരുവ് നായകളെ വന്ധ്യകരിക്കാൻ വർഷങ്ങൾക്കുമുൻപേ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഫലപ്രദമായി എന്തെങ്കിലും നടപടി സ്വീകരിക്കുവാൻ പഞ്ചായത്തുകളും തയ്യാറാവുന്നില്ല.

തോട്ടുവയിൽ കഴിഞ്ഞയാഴ്ച വഴിയാത്രക്കാരായ മൂന്ന് പേർക്ക് നായയുടെ കടിയേറ്റിരുന്നു. പറമ്പിൽ കെട്ടിയിട്ടിരുന്ന നാല് ആടുകൾ നായയുടെ കടിയേറ്റ് ചത്തു. തോട്ടുവാ അഞ്ജലി ഭവനത്തിൽ രവീന്ദ്രൻ പിള്ളയുടെ ആടുകളെയാണ് കടിച്ചുകൊന്നത്.