തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ മിന്നലേറ്റ സ്വർണക്കൊടിമരം പൊളിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു. ഇന്നലെ രാവിലെ എട്ടരയ്ക്ക് ഉച്ചശ്രീബലിയോടെ നട അടച്ചശേഷം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്റെ സാന്നിദ്ധ്യത്തിലാണ് ജോലികൾ ആരംഭിച്ചത്. 1970ൽ കോടിയർച്ചനയെ തുടർന്ന് സ്ഥാപിച്ചതാണ് 17 പറകളോടുകൂടിയ ധ്വജസ്തംഭം. സ്വർണം പൂശിയ കൊടിമരത്തിന്റെ ചുവട്ടിലായി കഴിഞ്ഞ നവംബർ 28നാണ് ഇടിമിന്നലേറ്റത്. ഇതേതുടർന്ന് ക്ഷേത്രത്തിൽ അഷ്ടമംഗലദേവപ്രശ്നം നടന്നിരുന്നു. പ്രശ്നവിധി പ്രകാരം കോൺക്രീറ്റ് തൂണും പഞ്ചവർഗ അടിത്തറയും പൊളിച്ചുമാറ്റി തേക്കിൻ തടിയിൽ പുതിയ കൊടിമരം പണിയാൻ തീരുമാനിക്കുകയായിരുന്നു. ധ്വജത്തിന്റെ ചൈതന്യം താന്ത്രിക വിധിപ്രകാരം ആവാഹിച്ച് മാറ്റി. ധ്വജവാഹനം,വീരകാണ്ഡം, മണിപ്പലക, പദ്മം,കുംഭം,ശൂലനം,ദണ്ഡ്, അലങ്കാരപ്പറ,വെണ്ട,പറ,അഷ്ടദിക്പാലകർ, വേദിക, പഞ്ചവർഗത്തറ എന്നിവ പൊളിച്ചുമാറ്റുന്ന ജോലികളാണ് ഇന്നലെ നടന്നത്. ഇവയുടെ അളവുകളും തൂക്കവും തിട്ടപ്പെടുത്തി സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി. കോൺക്രീറ്റ് സ്തംഭവും ആധാരശില വരെയുള്ള കോൺക്രീറ്റ് ഭാഗവും പൊളിക്കുന്ന ജോലികൾ ഇന്ന് ആരംഭിക്കും. തുടർന്ന് ക്ഷേത്ര ഗോപുരത്തിന്റെ കിഴക്കുഭാഗത്തായി താന്ത്രിക വിധിപ്രകാരം ഇവ സംസ്കരിക്കും. ക്ഷേതതന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ . കൊടിമരശിൽപി പരുമല പി.പി.അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് കൊടിമരം പൊളിച്ചു നീക്കി പുതിയത് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നത്. കൊടിമരം പൂർണമായും പൊളിച്ചുനീക്കും വരെ ക്ഷേത്രത്തിൽ പൂജാസമയവും ദർശന സമയവും പുലർച്ചെ 3മുതൽ എട്ടര വരെയും വൈകിട്ട് അഞ്ചിന് ശേഷവും ആയിരിക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ചീഫ് എൻജിനീയർ ആർ.അജിത്ത് കുമാർ, തിരുവാഭരണ കമ്മിഷണർ ജി.ബൈജു, ശബരിമല അഡ്വക്കേറ്റ് കമ്മിഷണർ എ.എസ്.പി.കുറുപ്പ്, ഡെപ്യൂട്ടി കമ്മിഷണർ സുനിൽകുമാർ, അസി.ദേവസ്വം കമ്മിഷണർ കെ.ആർ.ശ്രീലത, സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.