
പത്തനംതിട്ട : ജില്ലയിൽ നായയുടെ കടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷം ആകെ 11,350 പേർക്ക് നായയുടെ കടിയേറ്റപ്പോൾ ഇൗ വർഷം ഇതുവരെ 9581 പേർ നായയുടെ ആക്രമണത്തിന് ഇരയായി. അടുത്ത നാല് മാസം കൂടിയാകുമ്പോൾ കണക്ക് ഇനിയും വർദ്ധിക്കും. കഴിഞ്ഞ ആഗസ്റ്റിൽ വരെയുള്ള കണക്ക് പരിശോധിച്ചാൽ 6827 പേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇത് തെരുവ് നായ മാത്രമല്ല. വീട്ടിൽ വളർത്തുന്ന നായകളും ആക്രമണം നടത്താറുണ്ട്. പേവിഷ ബാധയേറ്റ് കഴിഞ്ഞ വർഷം ഒരു മരണം സംഭവിച്ചിരുന്നു. കൊവിഡ് സമയത്ത് എ.ബി.സി പദ്ധതികൾ നിലച്ചത് കാരണം നഗരങ്ങളിലും റോഡുകളിലുമെല്ലാം വലിയ രീതിയിൽ തെരുവ് നായകൾ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിമാരുടെ യോഗത്തിൽ എ.ബി.സി പ്രോഗ്രാം (അനിമൽ ബർത്ത് കൺട്രോൾ) ബ്ലോക്ക് അടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനമായിട്ടുണ്ട്. ഓരോ ബ്ലോക്കിലും വന്ധ്യംകരണ സെന്ററുകൾ സ്ഥാപിച്ച് നായകൾക്ക് പ്രതിരോധ വാക്‌സിനും കുത്തിവയ്പ്പും നൽകും. വന്ധ്യകരണത്തിന്റെ ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. വാക്‌സിൻ കുത്തിവയ്‌ക്കേണ്ടത് മൃഗസംരക്ഷണ വകുപ്പും. വളർത്തുനായ്കളുടെ വാക്‌സിനേഷനും ലൈസൻസും ഉറപ്പാക്കും. ഈ മാസം തന്നെ നടപടി ആരംഭിക്കണമെന്നാണ് നിർദ്ദേശം.
നായകളുടെ കടിയേറ്റവർ,
കഴിഞ്ഞ രണ്ടുവർഷത്തെ കണക്ക് 
(മാസം, 2021 , 2022 എന്ന ക്രമത്തിൽ)
ജനുവരി : 986, 1182
ഫെബ്രുവരി : 905, 1193
മാർച്ച് : 1031 , 1319
ഏപ്രിൽ : 819 , 1078
മേയ് : 647, 1176
ജൂൺ : 781, 1261
ജൂലായ് : 840, 1372
ആഗസ്റ്റ് : 818 , 1000 (25 വരെയുള്ള കണക്ക്)
സെപ്തംബർ : 873
ഒക്ടോബർ : 1256
നവംബർ : 1065
ഡിസംബർ : 1329
ആകെ
2021 : 11350
2022 ആഗസ്റ്റ് 25 വരെ : 9581