
പ്രമാടം : ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും നേരെ കുരച്ചുചാടുകയാണ് തെരുവ് നായകൾ. പ്രമാടം ഗ്രാമപഞ്ചായത്തിനെ പത്തനംതിട്ട നഗരവുമായി ബന്ധിപ്പിക്കുന്ന പാറക്കടവ് പാലവും പരിസരവും നായകളുടെ താവളമാണ്. ഇരുപതോളം നായകളാണ് ഇവിടം കേന്ദ്രീകരിച്ചിരിക്കുന്നത്. അറവുശാലയിലെ മാലിന്യം തള്ളുന്നതാണ് നായകൾ തമ്പടിക്കാൻ കാരണം.
നായ പിന്നാലെ ഒാടുന്നതിനാൽ മിക്ക ദിവസങ്ങളിലും ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പൂങ്കാവ് മാർക്കറ്റ്, പ്രമാടം സ്കൂൾ ജംഗ്ഷൻ, തെങ്ങുംകാവ്, വട്ടക്കുളഞ്ഞി എന്നിവിടങ്ങളെല്ലാം തെരുവുനായകളുടെ ശല്യമുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ രണ്ട് പേപ്പട്ടികളെ നാട്ടുകാർ പ്രമാടത്ത് തല്ലിക്കൊന്നിരുന്നു. ഇവയുടെ കടിയേറ്റ വളർത്ത് നായകളും പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളും ചത്തു. പ്രമാടം സ്കൂൾ ജംഗ്ഷന് സമീപം പേവിഷബാധാ ലക്ഷണങ്ങളോടെ വായിൽ നുരയും പതയും ഒലിപ്പിച്ച് നടക്കുന്ന രണ്ട് നായകൾ ആശങ്കകൾ ഉയർത്തുന്നുണ്ട്. പ്രദേശത്തെ വീടുകളിലെ കോഴി, താറാവ്, മുയൽ, ആട് എന്നിവയെയും ഇവ കൂട്ടത്തോടെയത്തി വേട്ടയാടാറുണ്ട്. നേരത്തെ തെരുവുനായകളെ പിടികൂടുന്നതിനും വന്ധീകരിക്കുന്നതിനുമൊക്കെ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോഴില്ല.