
അടൂർ : ജനറൽ ആശുപത്രിയിൽ നായയുടെ കടിയേറ്റ് വരുന്നവരുടെ എണ്ണം അനുദിനം പെരുകുകയാണ്. അടൂർ കോടതി വളപ്പിൽ അടുത്തിടെ നാലുപേർക്കാണ് കടിയേറ്റത്. കൂട്ടിൽ കിടക്കുന്ന കോഴികളെ കൊന്നുതിന്നുന്നതിനൊപ്പം വീടുകളിൽ വളർത്തുന്ന ആടുകളെ നായകൾ കൊല്ലുന്നതും പതിവായി. വഴിയോരങ്ങളിലൂടെ നടന്നുപോകാൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രികർക്കും ഭയമാണ്. പ്രധാന തെരുവോരങ്ങളെല്ലാം തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. എവിടെയും ചെന്ന് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിയുടെ മറവിൽ തെരുവോരങ്ങളിൽ കൊണ്ടുതള്ളുന്ന ഇറച്ചിക്കടകളിലെ മാലിന്യങ്ങളാണ് ഇവയുടെ പ്രധാന ആഹാരം. ഫലപ്രദമായി ഇവയെ നിയന്ത്രിക്കാനായില്ലെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് സംജാതമാകുന്നത്.