 
പന്തളം : മുട്ടാർ നീർച്ചാൽ വീണ്ടെടുക്കാൻ റവന്യൂ വകുപ്പ് നടപടികൾ ആരംഭിച്ചു. ഇന്നലെ പന്തളം പബ്ലിക് മാർക്കറ്റിന്റെ സമീപത്തെ നീർച്ചാലിന്റെ ഒഴുക്ക് ജെ.സി.ബി ഉപയോഗിച്ച് കണ്ടെത്തി സർവേ നടപടിക്രമങ്ങൾ ആരംഭിച്ചു. ഇതിനായി 75,000 രൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. പന്തളം നഗരഹൃദയമായ കുറുന്തോട്ടയം കവലയിലൂടെ ഒഴുകിയിരുന്ന നീർച്ചാലിൽ നിന്നാണ് 45 വർഷം മുമ്പുവരെ കുടിനീർ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വെള്ളം ശേഖരിച്ചിരുന്നത് . 30 മീറ്ററിലേറെ വീതിയുണ്ടായിരുന്നു. പത്തനംതിട്ട ജില്ലയിലെ മാവര, ആലപ്പുഴ ജില്ലയിൽ കൂടി വ്യാപിച്ചു കിടക്കുന്ന കരിങ്ങാലി ഉൾപ്പെടെ 800 ഹെക്ടറിലേറെ പാടശേഖരങ്ങളിലെ നെൽകൃഷിക്കു വെള്ളം നല്കിയിരുന്നത് ഈ നീർച്ചാലായിരുന്നു. കൈയേറ്റത്തെ തുടർന്ന് തോടായി ചുരുങ്ങി. നീരാഴുക്കു നിലച്ച് പലയിടങ്ങളും കരഭൂമിയായി. മാലിന്യ നിക്ഷേപ കേന്ദ്രമായി ഇവിടം മാറി. ജലലഭ്യത കുറഞ്ഞതോടെ പാടശേഖരങ്ങളുടെ ഭൂരിഭാഗവും കൃഷിയിറക്കാൻ കഴിയാതെ തരിശായി. നീർച്ചാലിനു സമീപമുള്ള കിണറുകളിലെ ജലം മലിനമാകുകയും ചെയ്തു. നീർച്ചാൽ വീണ്ടെടുക്കാൻ ഒരുകോടി രൂപ സംസ്ഥാന ബഡ്ജറ്റിലുൾപ്പെടുത്തിയിട്ടുണ്ടെന്ന് നാല് വർഷം മുമ്പ് അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. 20 ലക്ഷം രൂപയുടെ പദ്ധതി കഴിഞ്ഞ നഗരസഭ ബഡ്ജറ്റിലും ഉൾപ്പെടുത്തി. നീർച്ചാൽ പുനരുജ്ജീവിപ്പിച്ച് വിനോദ സഞ്ചാരത്തിനായി ബോട്ടിംഗ് ഉൾപ്പെടെയാണ് നഗരസഭ വിഭാവനം ചെയ്തത്. എന്നാൽ 15 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. കുറുംതോട്ടയം പാലം മുതൽ താഴോട്ടുള്ള ഭാഗത്ത് പണികൾ ആരംഭിച്ച് പാർട്ട് ബില്ലിന് കരാറുകാരൻ സമീപിച്ചപ്പോൾ നഗരസഭ അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചു. അതോടെ പണിയും മുടങ്ങി. നഗരസഭ പുതിയ പ്രോജക്ടുകൾ തയ്യാറാക്കി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ മുട്ടാർ നീർച്ചാൽ സംരക്ഷിക്കുന്നതിന് ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. സർവ്വേ നടപടികൾ മുട്ടാർ ഭാഗത്ത് പൂർത്തിയായെങ്കിലും നഗരസഭയ്ക്ക് പുറകുവശം മുതൽ പബ്ലിക് മാർക്കറ്റ് വരെയുള്ള ഭാഗത്ത് റോഡിന്റെ ഒഴുക്ക് കണ്ടെത്തുന്നതിനു വേണ്ടിയാണ് വെള്ളിയാഴ്ച നടപടിക്രമങ്ങൾ ആരംഭിച്ചത്.