 
തിരുവല്ല: ആയിരക്കണക്കിന് ജനങ്ങൾ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന മൈലാടുംപാറ ശുദ്ധജല സംഭരണി മലിനമായി. ഇരവിപേരൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉയർന്നപ്രദേശമായ മൈലാടുംപാറയിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ജലസംഭരണിയാണ് കാടുപിടിച്ച് വൃത്തിഹീനമായത്. പുറമറ്റം, ഇരവിപേരൂർ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. മണിമലയാറ്റിലെ പ്രയാറ്റുകടവിൽ നിന്നും പമ്പിംഗ് ചെയ്യുന്ന വെള്ളമാണ് ഇവിടെ ശേഖരിച്ച് വിതരണം ചെയ്യുന്നത്. ശുദ്ധജല സംഭരണിയുടെ മുകൾഭാഗം കാടുമൂടി മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. എലിയും, ഇഴജന്തുക്കൾ ചത്ത് വീണാലും അറിയാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. വായു സഞ്ചാരത്തിനുള്ള ദ്വാരം സുരക്ഷിതമല്ലാതെ തുറന്നു കിടക്കുകയാണ്. സുരക്ഷിതത്വവും വൃത്തിയും ഇല്ലാതെ ഈ ടാങ്കിൽ നിന്നും ഇപ്പോഴും ശുദ്ധജലം വിതരണം ചെയ്യുന്നു. ശുദ്ധജല സംഭരണി സ്ഥാപിച്ചശേഷം ഇതുവരെയും ശുചീകരിച്ചിട്ടില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.
കഞ്ചാവ് മാഫിയകളുടെ താവളം
മലമുകളിലെ ആളൊഴിഞ്ഞ ഈ സ്ഥലത്ത് കഞ്ചാവ്, ലഹരി മാഫിയകൾ താവളമാക്കിയിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പദ്ധതിയാണിത്. ജലസംഭരണി ശുചീകരിക്കുന്നത് സംബന്ധിച്ച് ജലഅതോറിറ്റി അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായിട്ടും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ ശുചീകരിക്കാനും കഴിഞ്ഞിട്ടില്ല. ഇരവിപേരൂർ പഞ്ചായത്ത് ഭരണസമിതിയും ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്. കുടിവെള്ള സംഭരണിക്ക് ചുറ്റും വേലിയോ സംരക്ഷണഭിത്തിയോ ഒന്നുംതന്നെ സ്ഥാപിച്ചിട്ടില്ല. ഇതുകാരണം കുടിവെള്ള സംഭരണി സ്ഥിതി ചെയുന്ന സ്ഥലത്ത് ആർക്കും കടന്നുകയറാവുന്ന സ്ഥിതിയാണ്.
.......................
ശുദ്ധജല സംഭരണി അടിയന്തരമായി വൃത്തിയാക്കി പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
ഷാജി 
ഇരവിപേരൂർ