മല്ലപ്പള്ളി: കുന്നന്താനം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിലുള്ള ഓണം ഫെസ്റ്റ് മാന്താനം ചന്തയിൽ ഇന്ന് രാവിലെ 10ന് അഡ്വ. മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ആദ്യ വിൽപ്പന നിർവഹിക്കും. വിപണന കേന്ദ്ര ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ അഭിലാഷ് ദിവാകർ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അദ്ധ്യക്ഷത വഹിക്കും.
29ന് രാവിലെ 10ന് വനിതാ സംരംഭകരെ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ആദരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ. മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തും.