അടൂർ : ആത്മീയതിൽ അധിഷ്ഠിതമായ സംസ്കാരം നമ്മുടെ കുട്ടികളിൽ ചെറുപ്പത്തിലേ രൂപപ്പെടുത്തിയെടുക്കുന്നതിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധപുലർത്തണമെന്നും അതുവഴി മാത്രമേ പുരോഗതി കൈവരിക്കാനാകുവെന്നും എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയൻ സംഘടിപ്പിച്ച 'മികവ് 2022' മെറിറ്റ് അവാർഡ് മേളയും സ്കോളർഷിപ്പ് വിതരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ.

ആദ്ധ്യാത്മികമായ അടിത്തറയില്ലാത്തതാണ് നാം നേരിടുന്ന പല പ്രതിസന്ധികൾക്കും കാരണം. ഇതുകാരണം പലമേഖലകളിലും നമ്മുടെ കുട്ടികൾ പിന്തള്ളപ്പെടുകയാണ്. അതിന് പരിഹാരം വേണമെങ്കിൽ ബാല്യംമുതൽ തന്നെ അവരിൽ സ്വപ്നങ്ങളും ഇൗശ്വരവിശ്വാസവും വളർത്തിയെടുക്കണം. എങ്കിൽ മാത്രമേ സമൂഹത്തിൽ മുന്നിൽ വരാൻ നമ്മുടെ കുട്ടികൾക്കാവൂ. ശ്രീനാരായണ ഗുരു സാക്ഷാൽ പരബ്രഹ്മമാണ്. ഗുരുവിന്റെ കൃതികളിലൂടെ സഞ്ചരിച്ചാൽ മാത്രംമതി ആത്മീയതയും ഒപ്പം ബൗദ്ധികതയും കുട്ടികളിൽ വളർത്തിയെടുക്കാൻ. കഠിന പ്രയത്നത്തിലൂടെ മാത്രമേ ഏത് മേഖലകളിലും ഒന്നാമത് എത്താൻ കഴിയു. അതിന് ഗുരുവിനെ നാം അറിയണം.

സ്ഥാനമാനങ്ങൾ അലങ്കാരത്തിനാവരുത്. പകരം സേവനത്തിനായി വിനിയോഗിക്കണം.അതുവഴി സമൂഹത്തിൽ ഉയർച്ച കൈവരിക്കാനാകും. എസ്. എൻ. ഡി. പി യോഗത്തിന് ആദ്യം ത്രീടയർ സംവിധാനം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നത് മാറി. ബാലസംഘം മുതൽ പെൻഷനേഴ്സ് ഫോറംവരെ രൂപംകൊണ്ടുകഴിഞ്ഞു. ഗുരുവിന്റെ കാരുണ്യമാണ് യോഗത്തിന് ഇന്നുണ്ടായ വളർച്ചയ്ക്ക് കാരുണ്യമെന്നും പ്രീതി നടേശൻ പറഞ്ഞു.

യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ സ്വാഗതം പറഞ്ഞു. മെറിറ്റ് അവാർഡുകൾ എസ്. എൻ. ഡി. പി യോഗം കൗൺസിലർ ഷീബ ടീച്ചറും സ്കോളർഷിപ്പുകൾ യോഗം കൗൺസിലർ എബിൻ ആമ്പാടിയും വിതരണം ചെയ്തു. യോഗം അസി. സെക്രട്ടറി പി. എസ്. വിജയൻ യോഗ സന്ദേശം നൽകി. പഠനോപകരണങ്ങൾ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം വിതരണം ചെയ്തു. വനിതാസംഘം യൂണിയൻ കൺവീനർ സുജാ മുരളി, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ അനിൽ നെടുമ്പള്ളിൽ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി, സൈബർസേന കേന്ദ്രസമിതി അംഗം അശ്വിൻ പ്രകാശ്, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ സ്മിതാ പ്രകാശ് എന്നിവർ പ്രസംഗിച്ചു.

ദേശീയ ജൂനിയർ റോവിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ അതിരുങ്കൽ 1172-ാം നമ്പർ ശാഖായോഗ അംഗം ദിലീപ് അതിരുങ്കലിന്റെ മകൾ ദേവിപ്രീയയെ പ്രീതി നടേശൻ അനുമോദിച്ചു. 2020, 2021, 2022 വർഷങ്ങളിൽ എസ്. എസ്. എൽ. സി, സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, പ്ളസ് ടു, വി. എച്ച്. എസ്. ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡുകളും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും യോഗത്തിൽ വിതരണം ചെയ്തു.