വള്ളിക്കോട് : കോന്നി- ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് അപകടം നടന്ന സ്ഥലത്തെ നിലവാരം കുറഞ്ഞ പൂട്ടുകട്ടകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.വിനുവിന് അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ കർശന നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂട്ടുകട്ട നീക്കിയ സ്ഥലങ്ങളിൽ മൂന്നു ദിവസത്തിനുള്ളിൽ ടാറിംഗ് പ്രവർത്തികൾ പൂർത്തിയാക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. റോഡിന്റെ ഉത്തരവാദിത്വമുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കണമെന്നും കരാറുകാരനെതിരെ കർശന നടപടിയെടുക്കണമെന്നും റോഡ് നിർമ്മാണത്തിൽ കരാറുകാരും ഉദ്യോഗസ്ഥരും വീഴ്ച വരുത്തിയതായും എം.എൽ.എ പറഞ്ഞു. കോടികൾ മുടക്കി പുനർ നിർമ്മിച്ച കോന്നി- ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗത്തെ അപകടക്കെണിയിൽ വീണ് വള്ളിക്കോട് മൂശാരേത്ത് വീട്ടിൽ യദുകൃഷ്ണന് (34) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പഴയ സ്ളാബിന്റെ കമ്പി തലയിലേക്ക് തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഈ പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ കഴിഞ്ഞ ആഴ്ച മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും പൊതുമരാമത്ത് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നും ഉദ്യോഗസ്ഥർ തണുപ്പൻ പ്രതികരണം തുടരുന്ന സാഹചര്യത്തിലാണ് എം.എൽ.എയുടെ കർശന നിർദ്ദേശം.