പത്തനംതിട്ട: വിമാനത്താവളം മണ്ണ് പരിശോധനാ നടപടികൾക്ക് ജില്ലാ കളക്ടറുടെ കത്ത് ലഭിച്ചാൽ സഹകരിക്കുമെന്ന് ബിലീവേഴ്‌സ് സഭ അധികൃതർ അറിയിച്ചു. ബിലീവേഴ്‌സ് സഭയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിൽ ലൂയി ബർഗർ കമ്പനി അധികൃതർ മണ്ണ് പരിശോധനയ്ക്ക് ആവശ്യമായ സഹകരണം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലും നടന്ന യോഗങ്ങളിൽ പരിശോധനകളുമായി സഹകരിക്കുവാൻ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സന്നദ്ധമാണ് എന്ന് സഭഅറിയിച്ചിരുന്നു. വ്യവസ്ഥകൾ സമ്മതിക്കുകയും രേഖാമൂലം നൽകാമെന്ന് ജില്ലാ കളക്ടർ സമ്മതിക്കുകയും ചെയ്തു.
മുൻകാല അനുഭവങ്ങൾ സഭയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ വെളിച്ചത്തിൽ പാലാ സബ് കോടതിയിലെ കേസിന് തീരുമാനമാകുന്നതുവരെ സഭയുടെ ഉടമസ്ഥാവകാശത്തിൻമേൽ അനധികൃത കടന്നുകയറ്റ ശ്രമങ്ങൾ ഉണ്ടാകില്ലെന്നും മണ്ണ് പരിശോധനയ്ക്കായുള്ള ജോലികൾ കാരണം എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ തൊഴിലാളികൾക്കോ, മറ്റുള്ളവർക്കോ സംഭവിച്ചാൽ സാമ്പത്തികമായ ബാദ്ധ്യതകളും, പരിഹാര നടപടികളും സർക്കാർ ചെയ്യണമെന്ന ആവശ്യമാണ് സഭ ഉന്നയിച്ചത്. ആവശ്യങ്ങൾ സമ്മതിച്ചുകൊണ്ട് ജില്ലാ കളക്ടർ കത്ത് നൽകുന്ന മുറയ്ക്ക് പരിശോധനാ നടപടികളുമായി സഹകരിക്കുമെന്ന് അധികൃതർ പറഞ്ഞു.