അടൂർ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്ത യുവതിയെ ആക്രമിച്ച് പിടിച്ചുപറിച്ച പണമടങ്ങിയ ബാഗ് ഭർത്താവിന്റെ വീട്ടിലെ സിറ്റൗട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. ചാരുംമൂട് പേരൂർ കാരായ്മയിൽ അശ്വതി(27)നെ ആക്രമിച്ച് തലയിൽ പെട്രോളൊഴിച്ച ശേഷം കൈവശമിരുന്ന പണമടങ്ങിയ ബാഗ്, ടാബ് ഫോൺ മറ്റ് രേഖകൾ എന്നിവ ഭർത്താവ് തെങ്ങമം , നടേശ്ശേരിൽ കൃഷ്ണകുമാറും സംഘവും ചേർന്ന് തട്ടിയെടുക്കുകയായിരുന്നു. കൃഷ്ണകുമാറിന്റെ ബന്ധുക്കൾ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തി സിറ്റൗട്ടിൽ നിന്ന് ബാഗ് കണ്ടെടുത്തു. സ്കൂട്ടറിൽ വന്ന അശ്വതിയെ വ്യാഴാഴ്ച്ച വൈകിട്ട് 6.50 ന് തടഞ്ഞുനിറുത്തി കുപ്പിയിൽ കരുതിയ പെട്രോൾ തലയിൽ ഒഴിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പണമടങ്ങിയ ബാഗ് ഉൾപ്പെടെയുള്ളവ കൈവശപ്പെടുത്തിയ ശേഷം മർദ്ദിക്കുകയും ചെയ്തതായാണ് കേസ്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. അശ്വതിയും കൃഷ്ണകുമാറും തമ്മിൽ കുറച്ചു നാളായി പിണങ്ങിക്കഴിയുകയാണ്. .